Saturday, September 25, 2010

എഴുത്തുകാരുടെ കപ്പല്‍യാത്ര (വായനക്കാര്‍ സംഘടിപ്പിക്കുന്നത്)

“നീ തയ്യാറാക്കുന്ന ഫീച്ചറിന്റെ കേന്ദ്രബിന്ദുവാകേണ്ടത് ആ നഗരമാണ്. അവിടത്തെ വായനയും വായനക്കാരെയും പരിഗണിച്ചില്ലെ ങ്കില്‍ അത് വെറുമൊരു തമാശ മാത്രമാകും. ലൈബ്രറി മെമ്പര്‍ഷിപ്പുള്ള ചുമട്ടുകാര്‍, പത്രാധിപര്‍ക്ക് നിരന്തരമായി കത്തെഴുതുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, പണം കൊടുത്ത് പുസ്തകം മേടിക്കുന്ന കൂലി പണിക്കാര്‍..' എഡിറ്റര്‍ ഓര്‍മ്മിപ്പിച്ചു.
പുലര്‍ച്ചെ മഴയുണ്ടായിരുന്നു. ഈര്‍പ്പമുള്ള കാറ്റില്‍ മഴയുടെ തുള്ളികള്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് തെറിച്ചുവീണു. എഡിറ്റര്‍ ഏല്‍പിച്ച ആദ്യത്തെ അസൈന്‍മെന്റ് ആകയാല്‍ ഫീച്ചറിന്റെ ഘടനയെയും വാക്കുകളെയും ഓര്‍ത്ത് മനസ്സ് വല്ലാതെ അസ്വസ്ഥമായി. എന്നാല്‍ പുറത്തേക്ക് നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു. എങ്ങും വായനശാലകളും ലൈബ്രറികളും.
തീവണ്ടി ഇപ്പോള്‍ ഒരു പുഴകടന്നതും വേഗം തീരെ കുറച്ച് അങ്ങും ഇങ്ങും നോക്കി നടക്കുന്ന കുഞ്ഞിനെപോലെയായി.
തൊട്ടുമുന്നിലിരിക്കുന്ന പെണ്‍കുട്ടി അവളുടെ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തിയിട്ടില്ല.
ഞാന്‍ പുസ്തകത്തിന്റെ ചട്ടയിലേക്ക് നോക്കി. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഖനനത്തിലോ മറ്റോ കണ്ടെടുക്കപ്പെട്ട ഒരു ചരിത്രവസ്തുവിന്റെതുപോലെ, അതിന്റെ പുറംപാളികള്‍ അടര്‍ന്നു തുടങ്ങിയിരിക്കുന്നു. അതിന്റെ നിറം മങ്ങിയ തലക്കെട്ട് ഇനി ഒരു ചരിത്രകാരന് മാത്രമേ കണ്ടെ ടുക്കാന്‍ കഴിയൂ, ഞാന്‍ തീര്‍ച്ചപ്പെടുത്തി.
എങ്കിലും അതിലെ തിങ്ങിനിറഞ്ഞ ഒരു പേജിലൂടെ കണ്ണോടിച്ചപ്പോള്‍ ഞാനറിഞ്ഞു.”സുന്ദരികളും സുന്ദരന്മാരും''
എങ്ങനെയെങ്കിലും പരിചയപ്പെടാനുള്ള തീവ്രമായ ആഗ്രഹത്താല്‍ ഞാന്‍ അവളോട് ചോദിച്ചു. “ഇതു വളരെ പഴയ നോവലല്ലേ.''
“അതേയതെ.. ഞാനിത് അഞ്ചാംതവണയാണ് വായിക്കുന്നത്. വായിക്കാനുള്ള ആഗ്രഹം തോന്നുമ്പോള്‍ ഇതുപോലെയുള്ള ചില പഴയ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ചെന്നെടുക്കും.''
"പുതിയതൊന്നും..?''
"എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. രണ്ടോ മൂന്നോ എഴുത്തുകാരുടേത് മാത്രമാണ് വായിച്ച് മുഴുമിപ്പിക്കാറുള്ളത്. അവരാകട്ടെ വല്ലപ്പോഴും മാത്രമേ എഴുതാറുള്ളു.''
"അവര്‍ ആരൊക്കെയാണ്.?'' ഒരു സ്വകാര്യത്തിനെന്നപോലെ ഞാന്‍ അവളുടെ അരികിലേക്ക് നീങ്ങി.
“സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രന്‍, കെ.ആര്‍ മീര, എസ് ഹരീഷ്''
“കഥകള്‍''
അതെ കഥകള്‍ മാത്രം.
വായിച്ചുകൊണ്ടിരിക്കുന്ന കഥയിലേക്ക് അപ്രതീക്ഷിതമായി ഒരു കഥാ പാത്രം കയറിയ വെപ്രാളത്തോടെ അവള്‍, വായനയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
എന്നെ ഏറെനേരം തുറിച്ചുനോക്കി, അവള്‍ ചോദിച്ചു
“നിങ്ങളാരാണ്.?''
“ഞാന്‍ ആരുമല്ല. ഇപ്പോള്‍ ഇവിടെ ഒരു മാഗസിനുവേണ്ടി തയ്യാറാക്കുന്ന ഫീച്ചറുമായി ബന്ധപ്പെട്ട് വന്നതാണ്. അതാകട്ടെ പുസ്തകങ്ങളെയും വായനയെയും പറ്റിയാണെന്ന് മാത്രം. ഈ നഗരത്തില്‍ എനിക്ക് പരിചയക്കാരായി ആരുമില്ല. ഇപ്പോള്‍ നീയല്ലാതെ. ബുദ്ധിമുട്ടി ല്ലെങ്കില്‍ നിന്റെ നമ്പര്‍ തരണം.'' ഞാന്‍ അവളോട് പറഞ്ഞു.
അവളെനിക്ക് സെല്‍ നമ്പര്‍ തന്നു.
ഞാന്‍ അനുപമ എന്ന് ടൈപ്പ് ചെയ്തു. അവളുടെ നമ്പര്‍ മൊബൈലില്‍ സേവ് ചെയ്തു.
“നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചില വലിയ പരിപാടികള്‍ അടുത്തു തന്നെ ഈ നഗരത്തില്‍ നടക്കുന്നുണ്ട്.'' ഇറങ്ങുന്നതിന് മുമ്പേ അവളെന്നോട് പറഞ്ഞു.
തിരക്കുകളിലൂടെ ഇരുമ്പുതൂണുകളെയും മഴവെള്ളം നനഞ്ഞ പായല്‍ ചുമരുകളെയും പിന്നിലേക്ക് നീക്കി ഒരു കൂട്ടം കുട്ടികളുടെ
ഇടയിലൂടെ അവള്‍ പോകുന്നത് ഞാന്‍ ആനന്ദത്തോടെ നോക്കി. സുന്ദരി കളും സുന്ദരന്മാരും ഞാന്‍ മനസ്സില്‍ പറഞ്ഞു.
തീവണ്ടി സ്റ്റേഷന്‍ വിട്ടതും സെക്കന്റുകള്‍ക്കകം ഒരു നൃത്തവേദിയുടെ തിളക്കത്തോടെ കടല്‍ തെളിഞ്ഞു. മിനുട്ടുകളോളം തീവണ്ടി കടല്‍ത്തീരത്തിലൂടെ നീങ്ങി. ദൂരെ കാണപ്പെടുന്ന തുറമുഖം ഒരു രേഖാചിത്രം പോലെ മങ്ങിത്തുടങ്ങിയിരുന്നു.
കടുത്ത യുദ്ധവിജയത്തിനുശേഷം സ്വന്തം രാജ്യത്തിലെത്തിയ രാജാവിനെപോലെ തീവണ്ടി സര്‍വ്വ അഹങ്കാരത്തോടെയും തലയെടു പ്പോടെയും സ്റ്റേഷനില്‍ നിന്നു. അപ്പോഴേക്കും ജേതാവിന് ചുറ്റിലുമെന്ന പോലെ പൊതിഞ്ഞ ആള്‍ക്കുട്ടത്തിനിടിയിലൂടെ ഞാന്‍ തിക്കിയും തിരക്കിയും പുറത്തേക്കിറങ്ങി.
ഈ നഗരത്തില്‍ മാത്രം പത്തുമുപ്പതോളം ഗ്രന്ഥാലയങ്ങളുണ്ടെന്നും ലോകത്തിലെ തന്നെ ആദ്യത്തെ വായനക്കാരുടെ സംഘടനയും ഈ നഗരത്തിലാണെന്നും ഓവര്‍ബ്രിഡ്ജ് കയറുമ്പോള്‍ അനുപമ എന്നെ വിളിച്ചറിയിച്ചു.
പിന്നീടുള്ള രണ്ട്മൂന്ന് ദിനം എന്നെ അനങ്ങാന്‍പറ്റാത്തവിധം ആവേശപ്പെടുത്തിയത് അതുമാത്രമായിരുന്നു. വായനക്കാരുടെ സംഘടന.
ഞാന്‍ വൈകുന്നേരങ്ങളില്‍ ചില ലൈബ്രറികളിലേക്ക് നടന്നു. വൈകുന്നേരത്തോടെ തുറക്കുന്ന ലൈബ്രറികള്‍ ഒച്ചയോടെയും ബഹളത്തോടെയും പാതിരാത്രിവരെയും പ്രവര്‍ത്തിച്ചിരുന്നു. പത്രങ്ങളിലെയും ആഴ്ചപ്പതിപ്പുകളിലെയും ലേഖനങ്ങളുടെ വിസ്തരിച്ച ചര്‍ച്ചകള്‍ എന്നെയും ലഹരിപിടിപ്പിച്ചുതുടങ്ങി. എല്ലാ ചര്‍ച്ചകളുടെയും അവസാന തീര്‍പ്പ് ലൈബ്രേറിയന്റേതായിരുന്നു. ഇതിനിടയിലും വളരെ ആവേശത്തോടെ പുസ്തകവുമായി വരുന്നവരെയും പോകുന്നവരെയും ഞാന്‍ ആദരിച്ചു. എല്ലാറ്റിനെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് ലൈബ്രറികളുടെ മുന്നിലുണ്ടായിരുന്ന ആ ബോര്‍ഡായിരുന്നു.
“എഴുത്തുകാരുടെ കപ്പല്‍യാത്ര.'' വായനക്കാര്‍ സംഘടിപ്പിക്കുന്നത്. സഹകരിക്കുക വിജയിപ്പിക്കുക.''
ഞാന്‍ അനുപമയെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു.
“അന്നേ ഞാന്‍ പറഞ്ഞില്ലേ വായനക്കാരുടെ നേതൃത്വത്തില്‍ ചില വലിയ പരിപാടികള്‍ ഉണ്ടെന്ന്.. അതാണിത്''
“ഈ നഗരത്തിന്റെ മുരുത്ത പുറന്തോട് ഇളക്കി ഉള്ളിലേക്ക് ചെല്ലു ന്തോറും ഇളനീരുപോലെയുള്ള മൃദുലതയിലാണല്ലോ ചെന്നെത്തുന്നത്.'' ഞാന്‍ അവളോട് സംശയിച്ചു.
“അതെയതെ. പക്ഷേ, പിന്നെയും ഉള്ളിലേക്ക് ചെന്നാല്‍ ആദ്യത്തെ മുരുമുരുപ്പില്‍ ചെന്നെത്തും അത്രമാത്രം. പിന്നെ, ഈ പ്രോഗ്രാമിനെ സംബന്ധിച്ച് കൂടുതല്‍ വിവരണങ്ങള്‍ പ്രസിഡന്റില്‍ നിന്ന് ലഭിക്കും. പീപ്പിള്‍സ് വായനശാലയുടെ ലൈബ്രേറിയനായ ശശിയേട്ടനാണ് പ്രസിഡന്റ്.''
“നിനക്കും ഇതിലെന്തെങ്കിലും പങ്കാളിത്തമുണ്ടോ.?''
“ഒരു വായനക്കാരിയെന്ന നിലയില്‍ മാത്രം ഞാനെന്റെ ചില കടമകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.''
“എപ്പോഴാണ് കപ്പല്‍യാത്ര''
"വായനാദിനത്തിന്റെയന്ന് വൈകുന്നേരം പഴയതുറമുഖത്ത് വെച്ച്'
വായനാദിനത്തിന് ഇനി വെറും നാലുദിവസം. ഇപ്പോള്‍തന്നെ ശശി യേട്ടനെ കാണണം. ഞാന്‍ തീര്‍ച്ചപ്പെടുത്തി.
എഴുത്തുകാരുടെ കപ്പല്‍ യാത്രയെകുറിച്ച് മാത്രമാണ് ഈ നഗരത്തിലുള്ളവര്‍ സംസാരിക്കുന്നത്. എഴുത്തുകാര്‍ക്കായി അത്തരത്തിലുള്ള ഒരു യാത്ര സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഈ നഗരത്തിലെ ഏതൊരാളും വല്ലാതെ അഭിമാനിക്കുന്നുണ്ടെന്ന് അവരുടെ സ്വകാര്യ സംസാരങ്ങളില്‍ നിന്നും ഞാനറിഞ്ഞു.
ലൈബ്രറിയില്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ സംഘടനയുടെ മീറ്റിംഗിലാണെന്നും കഴിയുന്നതുവരെയും ഇവിടെ ഇരിക്കണമെന്നും ലൈബ്രറിയിലുണ്ടായിരുന്നയാള്‍ എന്നോട് പറഞ്ഞു. മീറ്റിംഗ് എഴുത്തുകാരുടെ കപ്പല്‍ യാത്രയെ സംബന്ധിച്ചാണ്. കാര്യം നാളെ മറ്റന്നാളായില്ലേ. അയാള്‍ ചിരിച്ചു.
മീറ്റിംഗ് ഹാളിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ചിരുന്നെങ്കിലും പുറത്തുള്ള ചെരുപ്പുകള്‍ ഉള്ളിലെ ആള്‍ക്കാരുടെ എണ്ണം പറയുന്നുണ്ടായിരുന്നു.
മീറ്റിംഗ് കഴിയാന്‍ ഇനിയും സമയമെടുക്കും. ഞാന്‍ ലൈബ്രറിക്കുള്ളിലൂടെ നടന്നു. നോവല്‍, കഥ, കവിത, ആത്മകഥ, പഠനം...എല്ലാം കൃത്യമായി തരംതിരിച്ചിരിക്കുന്നു. ഇതുവരെയും കണ്ടതില്‍ വെച്ച് മനോഹരമായ ഗ്രന്ഥശാല ഇതാണ്. ഞാന്‍ ഉറപ്പിച്ചു.
വന്നകാര്യം പറഞ്ഞപ്പോള്‍ ശശിയേട്ടന്‍ എന്റെ കൈ പിടിച്ച് ലൈബ്രേറിയന്റെ മുറിയിലേക്ക് നടന്നു.
“അതെ, ലോകചരിത്രത്തിലെ ഒരു മഹാസംഭവമാണിത്. ഞാന്‍ സമ്മതിക്കുന്നു. വായനക്കാരുടെ ഭാഗത്തുനിന്നുള്ള ശക്തവും
 ക്രിയാത്മകവുമായ ഒരിടപെടല്‍.'' ശശിയേട്ടന്‍ എന്നോട് പറഞ്ഞു.
“സത്യത്തില്‍ ഇതൊരു വായനക്കാരുടെ ഇടപെടല്‍ തന്നെയാണോ.? അതോ മറ്റുവല്ല സംഘടനകളും വായനക്കാരെ മുന്നില്‍ നിര്‍ത്തി.?''
"ഒരിക്കലുമല്ല, വായനക്കാരുടെ സംഘടന നിലവില്‍ വന്നിട്ട് രണ്ടു വര്‍ഷം ആകാറായി. ആദ്യമീറ്റിംഗില്‍ ഭൂരിഭാഗം വായനക്കാരില്‍ നിന്നുണ്ടായ ഒരഭിപ്രായം കേരളത്തിലെ തെരഞ്ഞെടുത്ത എഴുത്തുകാര്‍ക്കായി ഒരു ചെറുകപ്പല്‍യാത്രയെങ്കിലും സംഘടിപ്പിക്കുക എന്നതായിരുന്നു. പിന്നീടുള്ള പല മീറ്റിംഗിലും ഞങ്ങളീവിഷയം പലപ്പോഴായി ചര്‍ച്ചക്ക് വെച്ചു. ഇതിനിടിയിലേക്ക് പല പ്രതിസന്ധികളും കടന്നുവന്നു. യാത്രാച്ചെലവ്, എഴുത്തുകാരെ തെരഞ്ഞെടുക്കല്‍, കേരളത്തിലെ എഴുത്തുകാരെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുപ്പമുള്ള കപ്പല്‍. ഞങ്ങളീ വിഷയം മുഴുവന്‍ കേരളീയരുടെയും ശ്രദ്ധയില്‍ കൊണ്ടു വരാനായി എല്ലാ പത്രമാധ്യമങ്ങളിലും പരസ്യം നല്‍കി. ജനങ്ങളുടെ പ്രതികരണം ഞങ്ങളെ അമ്പരിപ്പിച്ചു. സത്യത്തില്‍ ചില വായന ക്കാരേക്കാളും താല്പര്യം കാണിച്ചത് വായനക്കാരുടെ കുടുംബാം ഗങ്ങളാണ്. അവരില്‍ ചിലര്‍ യാത്രയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന എഴുത്തു കാരുടെ ലിസ്റ്റും ഞങ്ങള്‍ക്ക് അയച്ചുതന്നു. ഒരു വായനക്കാരന്റെ ഭാര്യയുടെ കത്ത് ഞാനെടുത്തുതരാം. ഇതാ നിങ്ങള്‍തന്നെ വായിച്ചോളു.''
ശശിയേട്ടന്‍ ചുമരിനരികിലെ വലിയൊരു കാര്‍ഡ്‌ബോര്‍ഡ് വീപ്പയിലെ പതിനായിരക്കണക്കിന് കത്തുകളിലൊന്ന് എനിക്ക് നീട്ടി
കത്തിങ്ങനെയായിരുന്നു.
“നിങ്ങളുടെ നല്ല ഉദ്ദേശ്യത്തിന് ആദ്യമേ നന്ദിപറയട്ടെ. ഏറെക്കാലമായി സ്വപ്നംകണ്ട ഒരു സംഗതി യാഥാര്‍ത്ഥ്യമാവുന്നതിലുള്ള സന്തോഷത്തിലാണ് ഞാനിപ്പോള്‍. അതെ അതുതന്നെ. എഴുത്തുകാരുടെ കപ്പല്‍യാത്ര.. എന്റെ ഭര്‍ത്താവ് ഇതുവരെ മേടിച്ച പുസ്തകങ്ങളുടെ വിലയെയും ഇനി മേടിച്ചേക്കാവുന്ന പുസ്തകങ്ങളുടെ വില യെയും തട്ടിച്ച് നോക്കുമ്പോള്‍ ഞാനയക്കുന്ന ഈ അയ്യായിരം രൂപ ഒന്നുമല്ല. എങ്കിലും ഇതെന്റെയും മക്കളുടെയും സന്തോഷത്തിനാണ്. നിങ്ങള്‍ എന്തൊക്കെ ത്യാഗം സഹിച്ചായിട്ടായാലും എഴുത്തുകാരുടെ ഈ കപ്പല്‍ യാത്രനടത്തണം.
എന്ന്
സുലേഖ (ഒപ്പ്)
എന്റെ മുഖത്തെ അമ്പരപ്പ് വായിച്ചിട്ടായിരിക്കണം ശശിയേട്ടന്‍ പറഞ്ഞു.”ഇങ്ങനെ വായനക്കാരുടെ നൂറുകണക്കിന് കത്തുകളുണ്ടിതില്‍.''
അതിനെക്കാള്‍ അമ്പരിപ്പിക്കുന്നതായിരുന്നു യാത്രയില്‍ ഉള്‍പ്പെടുത്താനായുള്ള എഴുത്തുകാരുടെ പ്രതികരണങ്ങള്‍.
പിന്നീടുള്ള ദിനങ്ങളില്‍ എഴുത്തുകാരുടെ കത്തുകളും സൃഷ്ടികളും കൊണ്ടുമാത്രം ഈ ലൈബ്രറി നിറഞ്ഞു. സത്യത്തില്‍ അവ മാത്രം നാലഞ്ച് ടൈറ്റാനിക് നിറക്കാനുണ്ടായിരുന്നു.
“ഇതുകൊണ്ടൊക്കെ വായനക്കാര്‍ക്ക് എന്ത് നേട്ടമാണുള്ളത്.?''
ഒരു അഭിമുഖക്കാരന്റെ കുടിലതയോടെ ഞാന്‍ ചോദിച്ചു.
“ഓരോ വായനക്കാരനും എഴുത്തുകാരോട് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. യാത്രകള്‍ എല്ലാവരെയും പ്രചോദിപ്പിക്കും. എഴുത്തുകാരെ വളരെ കൂടുതലും ഈ യാത്രകള്‍ കഴിയുന്നതോടെ വായനക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളും നേരെയാവും. ഇവരില്‍ ചിലരെങ്കിലും തിരിച്ചെത്തി യാലുടനെ തങ്ങളുടെ തീവ്രമായ യാത്രാനുഭവങ്ങളെ നോവലായും ആത്മകഥകളിലെ ഏറ്റവും മികച്ച അധ്യായങ്ങളായും കേരളത്തിലെ വായനക്കാര്‍ക്കുതന്നെ തിരിച്ചുനല്‍കും. അതൊക്കെയും ഓരോ വായനക്കാരന്റെയും പുസ്തകകൂട്ടത്തിലെ അമൂല്യനിധിയാകും തീര്‍ച്ച.''
ശശിയേട്ടന്‍ ഉറപ്പിച്ചു.
“ഇതില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരുണ്ടോ.?''
മലയാളത്തില്‍ ഇന്നു കാണപ്പെടുന്ന ഒരു വിധപ്പെട്ട എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്. ആധുനികരും, ഉത്തരാധുനികരും, പാരമ്പര്യവാദികളും ഉള്‍പ്പെട്ട ഒരു വലിയ നിര ഈ കപ്പല്‍ യാത്രയില്‍ വളരെ സജീവമാണ്. പിന്നെ വായനക്കാര്‍ ആവശ്യപ്പെട്ട ഒരാ ളെയും ഞങ്ങളീ യാത്രയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല കാരണം, അങ്ങനെ ഒരാളെങ്കിലും പുറത്തായാല്‍ വായനക്കാര്‍ സംഘടിപ്പിക്കുന്ന ഈ യാത്രയുടെ ലക്ഷ്യം തന്നെ തകര്‍ന്നുപോകും. അതുകൊണ്ടുതന്നെ ഞങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ സുതാര്യമാണ്.''
“ഈ യാത്ര ഏത് വഴിക്കാണ് പോകുന്നത്.?''
ഞാന്‍ ചോദിച്ചു
“കപ്പല്‍ കടലിലൂടെ തന്നെ പോകും. അവസാനത്തെ വായനക്കാരന്റെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നതുവരെയും.''
ശശിയേട്ടന്‍ ഉറപ്പിച്ചു.
ലൈബ്രറിയില്‍ നിന്നിറങ്ങവേ, എഴുതാന്‍ പോകുന്ന ഫീച്ചറില്‍ എഴുത്തുകാരുടെ കപ്പല്‍യാത്ര എന്ന ചരിത്രസംഭവത്തെ അതിന്റെ ആവേശം ഒട്ടും ചോരാതെ എങ്ങനെ അവതരിപ്പിക്കാം എന്നുള്ളതിനെപ്പറ്റി കൂടുതല്‍ സംഘര്‍ഷത്തിലായി ഞാന്‍.
ഉടന്‍ തന്നെ അനുപമയെ വിളിച്ചു. ശശിയേട്ടനെ കണ്ടുവെന്നും മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞുവെന്നും പറഞ്ഞു. പിന്നെ ഈയൊരു സന്ദര്‍ഭത്തില്‍ അവളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഹൃദയംഗമമായ നന്ദിയും.
“എല്ലാം ദൈവനിയോഗമായിരിക്കണം. ആല്‍ക്കെമിസ്റ്റില്‍ സംഭവിച്ചതു പോലെ.''
അവള്‍ പറഞ്ഞു.
“കപ്പല്‍ യാത്രയുടെയന്ന് നിന്നെ കാണണം.''
“തീര്‍ച്ചയായും. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരെ നമുക്കൊന്നിച്ച് യാത്രയാക്കാം.'' അവള്‍ സമ്മതിച്ചു.
ഞാന്‍ ഇതിനിടയില്‍ കപ്പല്‍യാത്രയെ സംബന്ധിച്ച വിവരങ്ങള്‍ എഡിറ്ററെ വിളിച്ചറിയിച്ചു. അദ്ദേഹം വളരെയധികം സന്തോഷത്തിലാവുകയും എന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഞാന്‍ വൈകുന്നേരത്തോടെ തുറമുഖത്തെത്തി. ഒരു ചരിത്രമുഹൂര്‍ത്തം നേരില്‍ കാണുന്നത്രയും ആവേശത്തോടെ ആയിരക്കണക്കിനാളുകള്‍ കടപ്പുറത്ത് തിങ്ങിനിറഞ്ഞിരുന്നു. കടലില്‍ പാതിയെയും ഉടലിനുള്ളിലാക്കി കപ്പല്‍ കിടക്കുന്നുണ്ടായിരുന്നു. കപ്പലിനെ തൊട്ടും മണപ്പിച്ചും കൂടിയിരിക്കുന്ന നൂറുകണക്കിനാളുകളെ ഇരുവശങ്ങളിലേക്കും അകറ്റി രണ്ട് മുന്ന് പോലീസ് ജീപ്പ് സഡന്‍ ബ്രേക്കിട്ടു.
“ബോംബ് സ്ക്വാഡായിരിക്കും കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും പങ്കെടുക്കുന്ന യാത്രയല്ലേ.''
എന്റെ സമീപത്തുണ്ടായിരുന്ന വൃദ്ധന്‍ ഒപ്പമുള്ളയാളോട് ഇങ്ങനെ പറഞ്ഞു.
“ദാ ഡാ, ഈ കടപ്പുറത്തിങ്ങനെ നിക്കുമ്പോള്‍ എനിക്കന്ന് ഉപ്പു കുറുക്കലില്‍ പങ്കെടുത്തതുപോലെ ഒരോര്‍മ്മ. അങ്ങനെയായിരുന്നല്ലോ നമ്മളന്ന് വെള്ളക്കാരനെ പായിച്ചത്. ഇതിപ്പം അങ്ങനെയൊന്നുമല്ലെങ്കിലും.''
“ഇതും ഒരുതരം വെളളക്കാര്‍ തന്നെ. എനിക്കതല്ലാ ഈ എഴുത്തുകാര് വരുന്നതുവരെയുള്ള പത്തിരുപത് ദിവസം ഈ നാട് ഒരു മാതിരി മദ്യം നിരോധിച്ച ബാറ് പോലിരിക്കും. ഒച്ചയും ആളനക്കവുമില്ലാതെ പരമ ബോറായി.'' വര്‍ത്തമാനം കേട്ടിരുന്ന മുന്നാമതൊരാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
പോലീസ് വലയത്തിനുള്ളിലേക്ക് വിവിധ ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ വാഹനങ്ങള്‍ തുടര്‍ച്ചയായി വന്നു
നിറയുന്നുണ്ടായിരുന്നു. എല്ലാറ്റിനും വര്‍ണ്ണസ്റ്റിക്കറും ബാനറുകളും. അവയില്‍ ചിലത് ഞാന്‍ വായിച്ചു.
ഉത്തരാധുനികതയുടെ ചിറകിലേറി എല്ലാത്തരം വായനക്കാരുടെയും എക്കാലത്തെയും പ്രിയപ്പെട്ടവര്‍- കോട്ടയം റൈറ്റേഴ്‌സ്
ഉപരിവര്‍ഗ്ഗവായനക്കാരുടെ സുഖവും സംതൃപ്തിയും-ഇ-റൈറ്റേഴ്‌സ് എറണാകുളം.
എന്തും എഴുതും എങ്ങനെയും -എഴുത്തിലെ കോഴിക്കോടന്‍ പെരുമ
പെണ്ണുങ്ങളുടെ വികാരങ്ങള്‍, വിചാരങ്ങള്‍ വായനക്കാര്‍ക്കായി തുറന്നുവെച്ചുകൊണ്ട്- ഓള്‍ കേരളഫെമിനിസ്റ്റ് റൈറ്റേഴ്‌സ്
നിഗൂഢതകള്‍ നിറഞ്ഞ ഒരു നഗരത്തെരുവിലെത്തപ്പെട്ട അന്ധാളിപ്പിലായി ഞാന്‍ ഏറെനേരം.
ഈ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അനുപമയെ എങ്ങനെ കണ്ടെത്താനാണ്. ഞാന്‍ ആശങ്കയോടെ മൊബൈല്‍ ചെയ്തു.
ഉടന്‍തന്നെ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തതായുള്ള സന്ദേശം തിരികെ വന്നു.
അടുത്ത നിമിഷം കരയില്‍ കൂടിയ, ആയിരക്കണക്കിനാളുകളെ നിശബ്ദരാക്കി പ്രസിഡണ്ട് ശശിയേട്ടന്റെ ശബ്ദം കപ്പല്‍ത്തട്ടില്‍ നിന്നുമുയര്‍ന്നു.
എഴുത്തുകാരുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞയുടനെ കേരളത്തിലെ വായനക്കാരുടെ ചിരകാലാഭിലാഷമായ എഴുത്തുകാരുടെ കപ്പല്‍ യാത്ര ആരംഭിക്കുന്നതാണ്. എഴുത്തുകാരൊക്കെയും ക്യൂവില്‍ നിന്നു സഹകരിക്കുക.
കൂടഴിച്ച കോഴികളെ പോലെ എഴുത്തൂകാര്‍ കപ്പലില്‍ കയറാന്‍ വല്ലാതെ തിക്കും തിരക്കും കൂട്ടുന്നത് ഞാന്‍ കണ്ടു.
ഇപ്പോള്‍ കപ്പലിനകം ഒരു വലിയ റഫറന്‍സ് ലൈബ്രററി പോലി രിക്കും. ചെറുകഥ, നോവല്‍, കവിത, ആത്മകഥ, ഭൂമിയിലെ അപൂര്‍വ്വമായ എഴുത്തുകാരെ മാത്രം അടുക്കിവെച്ച സഞ്ചരിക്കുന്ന ലൈബ്രററി.
കപ്പലിനുള്ളില്‍ കയറപ്പെട്ട എഴുത്തുകാര്‍, അജ്ഞാതമായ ദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട അഭയാര്‍ത്ഥികളെ പോലെ വല്ലാത്ത മൗനത്തോടെയും കടുത്ത ഉത്കണ്ഠയോടെയും മുഖം കുനിച്ചിരുന്നു.
കപ്പല്‍ സൈറണ്‍ മുഴങ്ങുന്നു
വായനക്കാരൊക്കെയും ഒഴിഞ്ഞുപോയിട്ടും എഴുത്തുകാര്‍ കരയിലേക്ക് നോക്കി കൈവീശുന്നുണ്ടായിരുന്നു.
ഒരു കടല്‍ക്കാറ്റുപോലെ, കാരണമില്ലാതെ കടന്നുവന്ന ദുഃഖത്തോടെ ഞാന്‍ തിരിഞ്ഞുനടക്കവേ യാത്രാസംഘത്തിന് അഭിവാദ്യമര്‍പ്പിച്ച് മടങ്ങുകയായിരുന്ന ഒരു വൃദ്ധവായനക്കാരന്‍ അന്നിറങ്ങിയ ഒരു പുസ്തകവും ഉയര്‍ത്തിപ്പിടിച്ച് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു.
“ഒരുപക്ഷേ ഈ യാത്രയും നിഷ്പ്രയോജനകരമായിരിക്കും. രണ്ടെഴുത്തുകാര്‍ ഒന്നിച്ചിരുന്നാല്‍ തന്നെയും ദുഷിപ്പിന്റെ വലിയ ഭാണ്ഡക്കെട്ടാണഴിക്കുക. പിന്നെ, ഈ യാത്രയയപ്പിന് പിന്നില്‍ ശരിക്കും ദുഷ്ടമായ ഒരാലോചനയുണ്ട് ഞങ്ങളുടെ ഭാഗത്തുനിന്നും. എഴുത്തുകാരുടെ കപ്പല്‍ തിരിച്ച് ഒരു കാരണവശാലും ഈ തീരത്തിലേക്ക് വരാതിരിക്കുക. ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത ഒരു കറുത്ത തീരത്തിലേക്ക് കപ്പലടുപ്പിക്കാനും അവിടെ എഴുത്തുകാരെ കൂട്ടത്തോടെ ഇറക്കി വിടാനും കപ്പിത്താനോട് വായനക്കാര്‍ രഹസ്യധാരണയിലെത്തിയിട്ടുണ്ട്. നമ്മുടെഎഴു ത്തുകാര്‍ ആദിമ മനുഷ്യരെപോലെ ജീവിതം ആരംഭം മുതലേ പഠിച്ചു തുടങ്ങട്ടെ. ഹാ ഹാ''
അയാള്‍ പുസ്തകം വായുവിലേക്ക് ഉയര്‍ത്തിയെറിഞ്ഞ് വീണ്ടും വീണ്ടും ഉച്ചത്തില്‍ ചിരിച്ചു
ഞാന്‍ ഭയത്തോടെ കടലിലേക്ക് നോക്കി. കപ്പല്‍ കരയില്‍ നിന്നും ഏറെ അകലെ പുറംകടലില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഹാരിപോട്ടര്‍ വരുമ്പോള്‍.. ഒരു വെറും പോര്‍ട്ടറുടെ ജീവിതം

ഹാരിപോട്ടറുടെ വരവിനും ഒരാഴ്ചമുമ്പ് തന്നെ തങ്ങളുടെ ബില്‍ഡിംഗിലെ മൂന്നാം നിലയിലുള്ള ഇംഗ്ലീഷ് ബുക്ക്‌ഷോപ്പ് ക്രിസ്തുമസ്സിനായി കാത്തിരിക്കുന്ന പള്ളിപോലെ നന്നായി അലങ്കരിച്ചിരുന്നു. പുല്‍ക്കൂടും കാലിത്തൊഴുത്തും മറ്റുമായി കുറെ പുതിയ രൂപങ്ങള്‍, സന്ധ്യകളില്‍ പൂത്തും കായ്ച്ചുംനില്‍ക്കുന്ന മുന്തിരിത്തോട്ടത്തില്‍ മിന്നാമിനുങ്ങുകള്‍ കയറിയതുപോലെയുള്ള ചില ചെറുവര്‍ണ്ണലൈറ്റുകള്‍ കൂടി ആയതോടെ വൈകുന്നേരങ്ങളില്‍ എന്റെ ടെലിഫോണ്‍ ബൂത്തില്‍ നിന്നും മുകളി ലേക്ക് നോക്കിയാല്‍ ബുക്‌ഷോപ്പ് ഒരുകൊട്ടാരം പോലെ അത്ഭുതപ്പെടുത്തിയിരുന്നു.
ഇവിടെ ഈ ജോലിക്ക് കയറിയ ആദ്യദിനം ഞാനൊരു ബുക്ക് ഷോപ്പ് കണ്ടെത്തിയ ആനന്ദത്തോടെ അവിടെ കയറി. തണുപ്പ് നിറഞ്ഞതും നേര്‍ത്ത സുഗന്ധം മണക്കുന്നതുമായിരുന്നു അതിന്റെ അകം. എനിക്ക് പരിചയമുള്ള ആരെയെങ്കിലും കാണുമെന്നുമുള്ള പ്രതീക്ഷയോടെ ഞാന്‍ മനോഹരമായ ചില്ലുക്കൂടുകള്‍ മുഴുവന്‍ അരിച്ചുപെറുക്കി. കൂടുകളിലൊക്കെയും ആര്‍ച്ചീസ്  ട്വിങ്കിള്‍, ഹാര്‍ഡി ബോയ്‌സ്, സീക്രട്ട് സെവന്‍, ഫെയ്മസ് ഫൈവ്, മില്‍സ് ആന്റ് ബൂണ്‍ തുടങ്ങിയ തുടുത്ത് വെളുത്ത വിലകൂടിയവര്‍ മാത്രമായിരുന്നു. ശേഷം അബദ്ധത്തില്‍ പോലും ഞാനങ്ങോട്ട് കയറിയിട്ടുപോലുമില്ല.
ഇന്നലെ "ഫോര്‍ട്ട് കഫെ' എന്ന ടീഷോപ്പില്‍ വെച്ച് ബുക്ക് ഷോപ്പിന്റെ മാനേജരെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു
“ആരാണ് ഈ ഹാരിപോട്ടര്‍, വല്ല ദൈവപുത്രനുമാണോ ?''
മാനേജര്‍, എന്നെ ഒരു ചരിത്രമ്യൂസിയത്തിലെ അങ്ങേയററം പഴക്കം ചെന്ന വസ്തുവിനെ പോലെ ആകമാനം നോക്കി പറഞ്ഞു.
“ദൈവപുത്രന്‍ തന്നെയാണ്.. ലോകത്തെ മുഴുവന്‍ ഒന്നാക്കുവാന്‍ ജനിച്ചവന്‍''
എങ്ങനെയായിരിക്കും അവന്‍ ലോകത്തെ ഒന്നാക്കുക.? ഞാന്‍ പലമാതിരി ചിന്തിച്ചു.
അതിനെന്ത് വില വരും?
975 രൂപ.
കുടിച്ചുകൊണ്ടിരിക്കുന്ന ചായയില്‍ കുപ്പിച്ചില്ല് കുടുങ്ങിയതുപോലെ ഞാന്‍ വല്ലാതെയായി.
എന്റെ ഒരു മാസത്തെ കൂലിയും പിന്നെയും അഞ്ചുപത്തു ദിവസങ്ങളും. അതിനെ തൊടുവാന്‍ പോലും എനിക്കിപ്പോള്‍ ത്രാണിയില്ല. എങ്കിലും ഞാനതിന്റെ ഉള്ളടക്കത്തെ അറിയാനുള്ള മുടിഞ്ഞ ആകാംക്ഷയാല്‍ വീണ്ടും ചോദിച്ചു.
"അതിന്റെ കഥയൊന്നു പറഞ്ഞുതരുമോ?'
വളരെ അശ്ലീലമായൊരു ചിരിയായിരുന്നു മാനേജരില്‍ നിന്നും ആദ്യമുണ്ടായത്. പിന്നെ പുച്ഛത്തോടെയെന്നപോലെ പറഞ്ഞു.
അതിനു 975 രൂപ മുടക്കി പുസ്തകം വാങ്ങുക തന്നെ വേണ്ടിവരും. പുസ്തകം പൈസ കൊടുത്തു മേടിക്കാതെ ദൈവത്തിന് പോലും അതിനുള്ളിലെ സംഗതി അറിയാനൊക്കത്തില്ല. പിന്നെയാണ് നിനക്ക്..
പറഞ്ഞുകഴിയുന്നതിന് മുന്നെ മാനേജരുടെ ഫോണിലേക്ക് കോള്‍ വന്നു.
യേസ് സാര്‍, ന്യൂയോര്‍ക്കില്‍ റിലീസാകുന്ന അതേ നിമിഷം തന്നെ നമ്മളിവിടെയും കൊടുത്തിരിക്കും.. നോ.. നോ... സാര്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ട.. അവിടെ സാറിന്റെ കൂട്ടുകാരുടെ മക്കള്‍ ഹാരിപോട്ടര്‍ കയ്യിലെടുക്കുമ്പോള്‍ ഇവിടെ സാറിന്റ മക്കള്‍ വായിച്ചു തുടങ്ങിയിരിക്കും. ഷുവര്‍.
താങ്ക്‌സ് ഗോഡ്... എനിക്കാശ്വാസമായി. എന്റെ മക്കള്‍ക്കിവിടെനിന്നും എല്ലാം നല്‍കാന്‍ കഴിയുന്നുണ്ടല്ലോ..ന്യൂയോര്‍ക്കിലുള്ളയാളുടെ ആ ശ്വാസം ഞാനും കേട്ടു.
വീണ്ടും വീണ്ടും കോളുകള്‍. മാനേജരുടെ ഫോണിന് വിശ്രമമേയില്ല.
ഞാന്‍ തിരിച്ചുനടക്കുമ്പോള്‍ ചിന്തിച്ചു. നമ്മളൊക്കെ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ആ പാവം കഥകളും കഥാപാത്രങ്ങളും എവിടെയായിരിക്കും?. സത്യത്തെയും നീതിയെയും സഹജീവി സ്‌നേഹങ്ങളെയും കുറിച്ച് നമ്മെ പഠിപ്പിച്ച തെന്നാലിരാമനും, കുഞ്ഞിക്കൂനനും, പഞ്ചതന്ത്രം കഥകളിലെ കാക്കയും കുറുക്കനുമൊക്കെ.. ഒരുപക്ഷെ ഇവരൊക്കെയും പുതിയ ശക്തിമാന്മാരായ നായകര്‍ കമ്പ്യൂട്ടറും യന്ത്രതോക്കുകളും മറ്റും ഉപയോഗിച്ച് എന്നന്നേക്കുമായി കൊന്നൊടുക്കിയിരിക്കണം.

ഞാന്‍ ബൂത്തിലെത്തുമ്പോഴേക്കും "ജോയി ഇന്റര്‍നാഷണല്‍ സ്കൂള്‍' എന്ന് യൂണിഫോമില്‍ സ്റ്റിക്കറെഴുതിയ രണ്ടുമുന്ന് പെണ്‍കുട്ടികളെ കണ്ടു. അവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്നെ കണ്ടയുടനെ കൂട്ടത്തിലൊരുവള്‍ ചോദിച്ചു.
“ഇവിടെ പ്രീപെയ്ഡ് കാര്‍ഡുണ്ടോ?''
“ഇല്ല'' ഞാന്‍ പറഞ്ഞു
എങ്കില്‍ ഒരു ഐ.എസ്.ഡി കോള്‍ ചെയ്യണം. അവള്‍ കൈയ്യിലുള്ള മൊബൈല്‍ നോക്കി നമ്പര്‍ ഡയല്‍ ചെയ്തു.
"ഹലോ പപ്പാ നിങ്ങളിപ്പോള്‍ എവിടെയാണ്..? മറന്നുപോയോ നാളെയാണ് നമ്മുടെ ഹാരിയുടെ റിലീസിംഗ്. പപ്പയ്ക്ക് നാളെ വരാന്‍ പറ്റുമോ ? ഓ.കെ. പപ്പ ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. പക്ഷേ പുലര്‍ച്ചെ തന്നെ ഹാരിയെ കൈയ്യില്‍ കിട്ടിയിരിക്കണം. മുന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ സംശയമാണ്. ഈ കണ്‍ട്രി നഗരത്തില്‍ ഒരു ബുക്ക് ഷോപ്പില്‍ മാത്രമാണ് ബുക്കിംഗിനുള്ള സൗകര്യമുള്ളത്. എന്റെ കൂട്ടുകാരൊ ക്കെയും കോപ്പി ഉറപ്പിച്ചുകഴിഞ്ഞു. നാളെ കയ്യില്‍ കിട്ടിയില്ലേല്‍ അറിയാമല്ലോ.. എന്റെ സ്വഭാവം
അവള്‍ ഉപയോഗശൂന്യമായ വസ്തു വലിച്ചെറിയുന്നത്രയും വെറുപ്പോടെ ഫോണ്‍ റിസീവര്‍ താഴേക്കിട്ടു.
മറുഭാഗത്തുള്ളയാളുടെ ചെകിട് തകര്‍ന്നുപോകില്ലേ....ഞാന്‍ ഭയന്നു.
അവള്‍ അത്യാഹ്ലാദത്തോടെ ആവേശത്തോടെ ബുക്ക്‌ഷോപ്പ് കയറുവാന്‍ തുടങ്ങി.
ഉച്ച കഴിഞ്ഞപ്പോഴേക്കും ബുക്ക്‌ഷോപ്പ് ഒരു വിശേഷദിനത്തിലെ പുണ്യസ്ഥലം പോലെ കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരെകൊണ്ട്
നിറഞ്ഞുതുടങ്ങിയിരുന്നു. ഹാരിപോട്ടര്‍ ബുക്കിംഗിനായുള്ള "ക്യൂ'' സ്റ്റെപ്പുകളിറങ്ങി താഴെ നിലയില്‍ വന്നു മുട്ടി.
വൈകുന്നേരം ആയതോടെ ഞങ്ങളുടെ ബില്‍ഡിംഗിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയായിലേക്ക് സഞ്ചരിക്കുന്ന കൊട്ടാരവുമായി ഒരു വലിയ വാഹനം വന്നു നിന്നു. അതൊരു ഹാരിപോട്ടര്‍ വാഹനമാണെന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“ഉടന്‍ ഹാരിപോട്ടര്‍ ബുക്ക് ചെയ്യൂ...ഹാരിയില്‍ നിന്നും അനുഗ്രഹം ഏറ്റുവാങ്ങൂ...''
ആ വാഹനത്തിന്റെ നാലുഭാഗത്തും ഇങ്ങനെയെഴുതിയ കൂറ്റന്‍ ഇലക് ട്രോണിക് ബോര്‍ഡുണ്ടായിരുന്നു. അടുത്ത നിമിഷം ക്യൂവിലുണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ ഹാരിയുടെ കൊട്ടാരത്തെ വളഞ്ഞു.
വാഹനത്തില്‍ നിന്നും അഞ്ചാറ് വെളുത്ത എക്‌സിക്യുട്ടീവുകളും മന്ത്രവടി കൈയ്യിലേന്തിയ കുട്ടിയും പുറത്തേക്കിറങ്ങി.
“ദാ, നമ്മുടെ ഹാരിപോട്ടര്‍..''
എല്ലാവരും ഉച്ചത്തില്‍ വിളിച്ചു.
ഹാരിപോട്ടര്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഹാരിയില്‍ നിന്നും അനുഗ്രഹം ലഭിക്കൂ... അല്ലാത്തവരൊക്കെയും കര്‍ശനമായും മാറ്റി നിര്‍ത്തപ്പെടുന്നതാണ്. മുകളിലെ ബഹളങ്ങളില്‍ നിന്നും ആ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങി.
വന്നവരൊക്കെയും എവിടുത്തുകാരായിരിക്കുമെന്ന് ഞാന്‍ സംശയിക്കവെ ബുക്ക് ചെയ്തു മടങ്ങുന്നവരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു.
അവരൊക്കെയും ലണ്ടനില്‍ നിന്നുള്ള ഹാരിപോട്ടര്‍ കമ്പനിയുടെ ആള്‍ക്കാരാണ്. ഇത്തരത്തിലുള്ള കമ്പനി നിയമിക്കുന്ന ഉദ്യോഗസ്ഥരും ഹാരിയും കൂടി ലോകത്തെമ്പാടും ചുറ്റിക്കറങ്ങി ഹാരിയുടെ വരവിനുള്ള ഒരുക്കങ്ങള്‍ നിരീക്ഷിക്കും. കമ്പനി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ബുക്ക് ഷോപ്പുകള്‍ പാലിക്കുന്നില്ലെങ്കില്‍ അവിടേക്ക് ഹാരിയെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കില്ല. ഹാരി, പ്രവേശിക്കുന്നിടം അമേരിക്കയെന്നോ, ആഫ്രിക്കയെന്നോ, ബംഗ്ലാദേശെന്നോ ഭേദമില്ലാതെ അവന്റെ സ്വന്തം ഇടം പോലിരിക്കണം. ഇവിടത്തെ ഒരുക്കങ്ങളില്‍ കമ്പനി സംതൃപ്തരായത് നമ്മുടെ ഭാഗ്യം. അതുകൊണ്ടാണല്ലോ ഹാരി അവിടെ കയറിയതും, നമ്മളൊക്കെയും അനുഗ്രഹിക്കപ്പെട്ടതും. അവിടെ കയറുമ്പോഴേ ലണ്ടനിലെ ഏതോ നഗരത്തില്‍ കാല് കുത്തിയതു പോലെയുള്ള ഒരു ഫീല്‍ എനിക്കുണ്ടായി. ഇതുപറയുമ്പോള്‍ അയാളുടെ മുഖം ഒരുവൃത്തികെട്ട രീതിയില്‍ പ്രകാശിക്കുന്നത് ഞാന്‍ കണ്ടു.
സന്ധ്യയോടെ ഞാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു മാന്ത്രികന്‍ വളരെ സമര്‍ത്ഥമായി ഒളിപ്പിച്ചതുപോലെ ബുക്ക്‌ഷോപ്പ് തീരെ ഇല്ലാതാവുകയും പകരം അവിടെ വളരെ ദുരൂഹമായി നിര്‍മ്മിക്കപ്പെട്ട ഒരു മാന്ത്രികക്കൊട്ടാരം ഉയരുകയും ചെയ്തു. കൊട്ടാരത്തിന് ചുറ്റും കണ്ടു പരിചയമില്ലാത്ത മരങ്ങളും ചെടികളും തിങ്ങിനിറഞ്ഞിരുന്നു. അതിനുള്ളിലാകെ കുറെ മന്ത്രവാദികളും. വെളുത്ത കുട്ടികളും പിന്നെ ഹാരിയും. അതിലൂടെ ചുറ്റിക്കറങ്ങിയാലോ. വേണ്ട പകരം ഞാന്‍ അടുത്ത ഷോപ്പില്‍ ചെന്ന് വായിക്കാനായി അന്നത്തെ പത്രം മേടിച്ചു.
പത്രത്തിലും നിറയെ ഹാരിപോട്ടറായിരുന്നു.
ഹാരിപോട്ടര്‍ കൊല്ലപ്പെടുമോ? കുട്ടികള്‍ ആകാംക്ഷയിലാണ്.!
ലോകമെമ്പാടുമുള്ള കുട്ടികളുടെ ദീര്‍ഘകാലകാത്തിരിപ്പിനൊടുവില്‍ നാളെ കാലത്ത് അവന്‍ എത്തുന്നു. അതെ അവരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരന്‍ ഹാരി, ഹാരിപോട്ടര്‍. ഹാരിപോട്ടര്‍ സീരിസിലെ അവസാനഭാഗമായ "ഹാരിപോട്ടര്‍ ആന്‍ഡ് ദി ഡെത്തിലി ഹാലോസില്‍' നായകന്‍ ഹാരി കൊല്ലപ്പെടുമോ? കുട്ടികള്‍ പരസ്പരം എസ് എം.എസി ലൂടെയും ഇന്റര്‍നെറ്റിലൂടെയും തങ്ങളുടെ ആശങ്കകള്‍ പങ്ക് വെക്കു കയാണ്. ഹാരിപോട്ടര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ക്ക് ഈ ലോകത്തോടും മുതിര്‍ന്നവരോടുമുള്ള പ്രതികരണം എന്തായിരിക്കും..? ലോകം മുഴുവനുള്ള മനശാസ്ത്ര വിദഗ്ധരും ശാസ്ത്രലോകവും ഈയൊരു പ്രതിസ ന്ധിയെ മറികടക്കാനുള്ള തിരക്കിട്ട ആലോചനകളിലാണ്. അങ്ങനെ സംഭ വിച്ചു കഴിഞ്ഞാല്‍ അതൊരു മൂന്നാം ലോക മഹായുദ്ധത്തെക്കാളും വലിയ മഹാദുരന്തമായിരിക്കും സൃഷ്ടിക്കുക എന്ന് ചിലര്‍ ഇപ്പോള്‍ തന്നെ പ്രവചിച്ചും കഴിഞ്ഞു. ഹാരിപോട്ടര്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ കുട്ടികളില്‍ അതുണ്ടാക്കുന്ന "മാനസിക സംഘര്‍ഷം' തരണം ചെയ്യാനുള്ള ചില മരുന്നുകള്‍ തങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞതായി ഒരു അമേരിക്കന്‍ മരുന്ന കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചതു മാത്രമാണ് ലോകത്തിന്റെ ഇപ്പോഴത്തെ ഏകആശ്വാസം. പുസ്തകത്തോടൊപ്പം പ്രസ്തുതമരുന്നും കൈക്കലക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗവും. ചില ഏജന്‍സികള്‍ തങ്ങള്‍ പുസ്തകത്തോടൊപ്പം മരുന്ന് സൗജന്യമായി നല്‍കുന്നതാണെന്ന് പരസ്യം ചെയ്തിട്ടുമുണ്ട്.
നമ്മുടെ നാട്ടില്‍, ഡല്‍ഹിയിലെ ചില സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹാരി പോട്ടറെ ശത്രുക്കളില്‍നിന്നും രക്ഷിക്കാനായി അമേരിക്കന്‍ സൈന്യത്തെ ഉടന്‍ രംഗത്തിറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചില ഇ-മെയിലുകള്‍ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ചതായി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറി യിച്ചു. അതെ, ലോകം മുഴുവനുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രി..
കണ്‍മുന്നിലൂടെ ഒരു ലഹളസംഘം നീങ്ങുന്നതുപോലെ എനിക്കു തോന്നി. ലോകം മുഴുവന്‍ മാരകായുധങ്ങളുമായി ഇറങ്ങിയതുപോലെ.
പത്രം മടക്കി ഞാന്‍ ദൂരെക്കിടവെ.. പുറം പേജില്‍ തീരെ ചെറുതായി ഒരു ബോംബുസ്‌ഫോടന ചിത്രം കണ്ടു. കൈകാലുകള്‍ അറ്റ് ശരീരം കീറിമുറിഞ്ഞ ഒരു നാല് വയസ്സുകാരന്‍.. മാന്ത്രികവടിക്ക് പകരം കയ്യില്‍ ചോരപുരണ്ട ഒരു കഷ്ണം റൊട്ടി, തിളങ്ങുന്ന രത്‌നം പതിച്ച കുപ്പായത്തിന് പകരം തൊലി നിറയെ ഇരുമ്പ് ചീളുകള്‍. പിന്നില്‍ മാന്ത്രികക്കൊട്ടാരമില്ലായിരുന്നു. പകരം തകര്‍ന്നു തരിപ്പണമായ ഒരു പള്ളി.
തൊട്ടുതാഴെ വലുതായി ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യ ചിത്രം. "ഗള്‍ഫുനാടുകളിലേക്ക് വിളിക്കൂ... വെറുതെ സംസാരിച്ച് കളിക്കൂ. മിനുട്ടിന് പത്തുപൈസ മാത്രം.'
പകര്‍ച്ചപ്പനിയെ പറ്റി എന്തെങ്കിലും ഉണ്ടോ മോനേ നമ്മുടെ പത്രങ്ങളില്‍. ഇതൊക്കെ എന്തുമാതിരി പനിയാണ് ദൈവമേ..? ആര്‍ക്കും ഒരു തിരിപാടും ഇല്ലല്ലോ..?
എന്റെ ഹാരിപോട്ടര്‍ ചിന്തകളെ തകര്‍ത്തുകൊണ്ട് പോര്‍ട്ടര്‍ കേശവേട്ടന്‍ കിതപ്പിനിടയിലും ചോദിച്ചു.
പനിയെ പറ്റിയൊന്നും പത്രത്തിലില്ല. പക്ഷേ മറ്റൊരു പകര്‍ച്ച വ്യാധിയെ പറ്റി നല്ലോണം ഉണ്ടുതാനും.
“കേശവേട്ടന് പനിയുണ്ടോ..?''
ഞാന്‍ ചോദിച്ചു.
“മോളുടെ ഇളേകുഞ്ഞിന് ചുട്ടുപൊള്ളുന്ന പനി. എനിക്കുമുണ്ട്. എന്തു ചെയ്യാനാ.. എനിക്കങ്ങനെ കിടക്കാന്‍ പറ്റുമോ..?''
കേശവേട്ടന്‍, തന്റെ മണ്ണും വിയര്‍പ്പും നിറഞ്ഞ തലേക്കെട്ടഴിച്ച് പൊട്ടിയൊലിക്കുന്ന വിയര്‍പ്പിലേക്ക് വീശുന്നതിനിടയില്‍ ഇങ്ങനെ പിറുപിറുത്തു.
“അവര്‍ ആശുപത്രിയില്‍ പോയിട്ട് തിരിച്ചുവന്നുവോ. മോനേ, നീയീ നമ്പറൊന്ന് അമര്‍ത്തിയേ..''
കേശവേട്ടന്‍ ഒരു ചെറിയ നോട്ടുബുക്ക് എന്റെ മേശമേലിട്ടു. പെരുമഴയില്‍പ്പെട്ട കടലാസുതോണി പോലെ അതൊക്കെ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.
"ഇനി എന്തിനാണ് വിളിക്കുന്നത്.. വീട്ടിലേക്ക് പോകാറായില്ലേ..?' ഞാന്‍ സംശയിച്ചു.
“ഇല്ല മോനേ, ഇന്നിനി വീട്ടിലേക്കില്ല.. നാളെ പുലര്‍ച്ചെ പുറംനാട്ടില്‍ നിന്നെവിടുന്നോ കുറച്ചധികം പുസ്തകക്കെട്ട് വരുന്നുണ്ട്‌പോലും. നമ്മുടെ പുസ്തകഷോപ്പിലെ മോന്‍ അതിറക്കാന്‍ എന്നെയാണ് ഏല്പിച്ചത്. പത്തു നൂറ്റമ്പത് കെട്ടുണ്ടാകും. ഈ സമയത്ത് അതെനിക്ക് വലിയ ആശ്വാസമായിരിക്കും.''
കേശവേട്ടന്‍ ഫോണിലൂടെ കരയുന്നുണ്ടോ..? പാവം കേശവേട്ടന്‍ കുടുംബത്തിനുവേണ്ടി ഇപ്പോഴും രാവും പകലുമില്ലാതെ അധ്വാനിക്കുന്നു. കേശവേട്ടന് ഇപ്പോള്‍ എത്ര വയസ്സായിട്ടുണ്ടാകും. അറുപതോ എഴുപതോ.. അതോ ഇതൊക്കെയും നേരത്തെ കഴിഞ്ഞിരിക്കുമോ..?
ചിലര്‍ക്ക് ജീവിതമെന്നത് ജനനം മുതല്‍ മരണം വരെ നീളുന്ന ഒരു നീണ്ട ഒറ്റവരി കരച്ചില്‍ മാത്രമാണെന്ന് ഞാന്‍ ഉറപ്പിച്ചു.
പനി കയറി തളര്‍ന്നുവീഴാറായ ഈ മനുഷ്യന് രാത്രിമുഴുവനും ഉറക്കമൊഴിച്ച് പത്തുനൂറ്റമ്പത് കെട്ടുകള്‍ അത്രയും ഉയരത്തില്‍
എത്തിക്കാനാകുമോ.?. ഞാന്‍ സംശയത്തിലായി.
കേശവേട്ടന്‍ കാബിനില്‍ നിന്നുമിറങ്ങുമ്പോഴേക്കും ഖനിയില്‍ കുടു ങ്ങിയ ഒരു മൃതശരീരം പോലെ തീരെ ശോഷിച്ചിരുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തിനായി എന്നോട് ആംഗ്യം കാണിച്ചു.
വെള്ളം കൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
“ഇത്രയും ക്ഷീണിച്ച സ്ഥിതിക്ക് ഇന്നിന് വീട്ടിലേക്കല്ലേ നല്ലത്..?''
കേശവേട്ടന്‍ അതിനുത്തരമൊന്നും പറഞ്ഞില്ല. മോളുടെ പനി ഒട്ടും കുറവില്ല പോലും. നാളെയും കുറവില്ലേല്‍ കോഴിക്കോട്ടേക്ക്. അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക്.
ബുക്ക്‌ഷോപ്പില്‍ നിന്നുമുയര്‍ന്ന ഒരു പാശ്ചാത്യഗാനത്തിന്റെ ഇടി മുഴക്കം കേശവേട്ടന്റെ കരച്ചിലിനെ ഇല്ലാതാക്കി.
“ഇതെന്തോ വലിയ കാര്യമാണെന്നു തോന്നുന്നുവല്ലോ?''
കേശവേട്ടന്‍ ചോദിച്ചു.
“ആയിരിക്കണം. രാത്രിയിലും നിനക്ക് തന്നെയല്ലേ ഡ്യൂട്ടി.''
“അതെ.'' ഞാന്‍ തലയാട്ടി.
രാത്രി പന്ത്രണ്ട്മണിയോടെയാണ് ക്യൂ ഒന്നടങ്ങിയത്. അതുവരെയും ആള്‍ക്കാര്‍ വരികയും പോവുകയും ഹാരിപോട്ടര്‍ എന്ന ദിവ്യാവതാരത്തില്‍ നിന്നും അനുഗ്രഹം ഏറ്റുവാങ്ങാന്‍ മത്സരിക്കുകയും ചെയ്തു.
തീരെ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍- കേശവേട്ടനെ ഉറക്കം ഒരുമന്ത്രവാദി തന്റെ അദൃശ്യമാന്ത്രികവടി കൊണ്ടെന്നപോലെ ഇടയ്ക്കിടെ അടിച്ചിടുന്നത് കണ്ടു.
കേശവേട്ടന്‍, അഗ്നികുണ്ഠത്തിലകപ്പെട്ടതുപോലെ വിയര്‍ക്കുകയും ചിലപ്പോള്‍ മഞ്ഞുവീഴ്ചയില്‍ പെട്ടതുപോലെ വിറയ്ക്കുകയും ചെയ്തു. വിറയലില്‍ കേശവേട്ടന്റെ പല്ലുകള്‍ കൂട്ടിയുരയുന്ന ശബ്ദം ഒരു മഴക്കാല രാത്രിയിലെന്നപോലെ എന്നെ ഭയപ്പെടുത്തി.
പുലര്‍ച്ചെ നൂറുകണക്കിനുള്ള കാറുകളുടെ കൂട്ടക്കരച്ചിലാണ് എന്നെയുണര്‍ത്തിയത്. കണ്ണുതുറന്നപ്പോള്‍ ബില്‍ഡിംഗിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ യൂറോപ്പിലെയോ, അമേരിക്കയിലെയോ തിരക്കേറിയ ഒരു വിമാനത്താവളത്തിന്റെ കാര്‍പാര്‍ക്കിംഗ് ഏരിയപോലെ നിറഞ്ഞിരുന്നു. ഭൂമിയിലെ കാറുകളൊക്കെയും ഒന്നിച്ചതുപോലെ.
ബുക്ക്‌ഷോപ്പിനു മുന്നില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനാളുകള്‍ അത്ഭുതകരമായത് എന്തോ കൈയ്യിലെത്തുന്നതിന് മുന്നെയുള്ള ധ്യാനത്തിലായിരുന്നു.
ഇതിനിടയിലും ബഹളം വെക്കുന്നത് കൂടുപൊട്ടിയ കിളികളെ പോലെ നാലുഭാഗത്തുനിന്നും മരണവെപ്രാളം നടത്തുന്ന മൊബൈലുകള്‍ മാത്രം.
ഇവരില്‍ നിന്നെല്ലാം മാറി കേശവേട്ടന്‍ വിധി കാത്തുനില്‍ക്കുന്ന കുറ്റവാളിയെപോലെ തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു.
“കേശവേട്ടാ... ഹാരിപോട്ടറുമായി വണ്ടി പിറകിലെത്തിയിട്ടുണ്ട്.. പെട്ടെന്ന് വളരെ പെട്ടെന്ന്..' ഷോപ്പ് മാനേജരുടെ ശബ്ദം എല്ലാറ്റിനും മുകളിലായി.
"പെട്ടെന്ന്, വളരെ പെട്ടെന്ന്' ആള്‍ക്കൂട്ടം മാനേജരുടെ ശബ്ദം ഏറ്റുപാടുകയും ഒറ്റക്കെട്ടായി കേശവേട്ടനെ തള്ളിപുറത്തേക്കിടുകയും ചെയ്തു.
കേശവേട്ടന്‍ ഓരോ പ്രാവശ്യം കെട്ട് കൊണ്ടുവരുമ്പോഴും അതു താഴെ വെക്കുവാന്‍ പോലും സാവകാശം കൊടുക്കാതെ, ആള്‍ക്കൂട്ടം കഴുകന്മാരെ പോലെ കൊത്തിവലിക്കുന്നതായി എനിക്ക് തോന്നി.
പുറമെ തുടുത്ത ആണുങ്ങളും പെണ്ണുങ്ങളും എത്രമാത്രം മൃഗങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. പുസ്തകം കൈക്കലാക്കുവാനായി അവര്‍ പരസ്പരം ആക്രമിക്കുകയും കടിച്ച് മുറിവേല്‍പിക്കുകയും ചെയ്തു. ചില കുട്ടികള്‍ കേശവേട്ടനെ വലിച്ച് പുറത്തെടുത്തു. അഞ്ചാറ് പ്രാവശ്യം ആയപ്പോഴേക്കും കേശവേട്ടന്‍ വീഴുന്നതത്രയും കുഴഞ്ഞിരുന്നു.
പുസ്തകം കിട്ടാത്തവര്‍ വെടിമരുന്ന് തീര്‍ന്ന യുദ്ധമുന്നണിയിലെ ക്യാപ്റ്റന്റെ പകയോടെയും, ക്രോധത്തോടെയും കേശവേട്ടനെതിരെ ഉറഞ്ഞുതുള്ളി.
കേശവേട്ടനാകട്ടെ ആഴത്തില്‍ മുറിവേറ്റിട്ടും ഒരു കാലാളിന്റെ തികഞ്ഞ ഉത്തരവാദിത്വത്തോടെ പിന്നെയും പിന്നെയും ആയുധപ്പെട്ടിയുമായി വന്നുകൊണ്ടെയിരുന്നു.
രക്തം വാര്‍ന്നതുപോലെ വിളറിവെളുത്ത കേശവേട്ടനോട് ഞാന്‍ ചോദിച്ചു.
“കേശവേട്ടാ... ഞാനും കൂടട്ടേ..''
“വേണ്ട മോനേ.. ഇതെന്റെ ജോലിയാണ്. ഇതുമുഴുവന്‍ ഞാന്‍ തീര്‍ക്കും. ദാ കഴിയാറായി.''
ഇത്രയും പറഞ്ഞ് കേശവേട്ടന്‍  ഒരു അപ്പൂപ്പന്‍ താടി പോലെ പറക്കുന്നതായി എനിക്കു തോന്നി.
കേശവേട്ടന്‍ ഒന്ന്, രണ്ട് പ്രാവശ്യം വരേണ്ട സമയമായല്ലോ എന്ന് ഞാന്‍ സംശിയക്കവേ.. പുസ്തകം കിട്ടാതെ അവശേഷിച്ച പത്തു പതിനഞ്ച് പേര്‍ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഉച്ചത്തില്‍ നിലവിളിച്ചു.
ദൈവമേ..എവിടെ ഞങ്ങളുടെ ഹാരിപോട്ടര്‍...? തടിച്ച മനുഷ്യരുടെ നിലവിളി കെട്ടിടത്തെ കാറ്റുപോലെ ഇളക്കുന്നതായും മെല്ലെ ബുക്ക് ഷോപ്പ് കരച്ചിലിന്റെ ഒരുമഹാസമുദ്രം പോലെ അലറി അടുക്കുന്നതായും എനിക്കു തോന്നി.
എവിടെ കേശവേട്ടന്‍..കേശവേട്ടന് എന്തോ സംഭവിച്ചിരിക്കുന്നു...? ഞാനും ഒച്ചത്തില്‍ നിലവിളിച്ചു.
പുസ്തകം കിട്ടാത്തവര്‍ കെട്ടിടത്തിന്റെ താഴെ നിലയിലേക്ക് ഓട്ടം തുടങ്ങിയിരുന്നു. ഞാനും താഴേക്കിറങ്ങി.
താഴെ, ഒരു പുസ്തകത്തിന്റെ ഇളകിതെറിച്ച ചുകപ്പു കവര്‍ പോലെ ചോരയില്‍ വീണുകിടക്കുന്ന കേശവേട്ടനെ ഞാന്‍ കണ്ടു. കേശവേട്ടന്റെ തലയില്‍നിന്നും മൂക്കില്‍ നിന്നും അറുത്ത കോഴിയില്‍ നിന്നെന്നപോലെ അപ്പോഴും ചോര തെറിക്കുന്നുണ്ടായിരുന്നു. ഞാന്‍ വളരെ വേഗത്തില്‍ താഴെ എത്തിയപ്പോഴേക്കും ആള്‍ക്കാരൊക്കെയും കേശവേട്ടനെയും മറികടന്ന് ഹാരിപോട്ടര്‍ ബോക്‌സുമായി പൊട്ടിച്ചിരിയോടെ മുകളി ലെത്തികഴിഞ്ഞിരുന്നു. ബുക്ക്‌ഷോപ്പില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത് അവര്‍ ഒന്നായി പാടുന്ന ഹാരിപോട്ടര്‍ ഗാനമായിരിക്കണം. ചവിട്ടി മെതിച്ച കടലാസുപോലെ, തീരെ ചുരുങ്ങിയ കേശവേട്ടന്റെ ശരീരവുമായി ഞാനെന്റെ ബൂത്തിലെത്തിയപ്പോഴേക്കും ഗ്രൗണ്ട്ഫ്‌ളോര്‍ നിറയെ ആയിരക്കണക്കിന് ഹാരിപോട്ടര്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരുടെ
ദുര്‍മന്ത്രവാദികളാലും നിറഞ്ഞിരുന്നു.
ബോധമില്ലാത്ത, ചോര ഛര്‍ദ്ദിക്കുന്ന കേശവേട്ടനെയും, ചുമന്ന് ഞാന്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങിയ നൂറുകണക്കിന് കാറുകളുടെ മുന്നില്‍ കരച്ചിലോടെ കൈകള്‍ നീട്ടിയെങ്കിലും അവരൊക്കെയും വളരെ ദയനീയതയോടെ എന്നോട് പറഞ്ഞു.
“ഒട്ടും നേരമില്ല. ഹാരിപോട്ടര്‍ വായിക്കാതെ ഇന്നിനി..''
കാറുകളൊക്കെയും ആംബുലന്‍സുകളെക്കാളും വേഗത്തില്‍ കുതിച്ചു തുടങ്ങി.

വാക്വം ലാന്‍ഡ്


"പ്രപഞ്ച ചരിത്രത്തിലാദ്യമായി എത്ര കോടിക്കോടി സന്ദേശങ്ങളാണ് സിഗ്നലുകളായി അന്തിരീക്ഷത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇട തടവില്ലാതെ നീങ്ങുന്ന സൂചകപാളിയെ നോക്കി ദൈവം മുകളില്‍ അമ്പരന്ന് നില്‍ക്കുന്നു.'-(ഇ.വി. രാജഗോപാലന്‍)
ആകാശവും മേഘങ്ങളും പുകയ്ക്കിട്ട ഇറച്ചികഷ്ണം പോലെ കറുത്ത് കരുവാളിച്ചിരുന്നു. ചിലരെല്ലാം മഴ പെയ്‌തേക്കുമെന്നുള്ള പ്രതീക്ഷ യോടെ ഇടയ്ക്കിടെ ആകാശത്തേക്ക് നോക്കി. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചൂടും അതുണ്ടാക്കുന്ന അസ്വസ്ഥതകളും ജീവിതത്തെപോലും മടുപ്പി ച്ചിരുന്നു. നഗരത്തിലേക്കിറങ്ങുമ്പോള്‍ ചുട്ടുപഴുത്ത ഇരുമ്പ് പാത്രത്തില കപ്പെട്ടതുപോലെയാണ്. നാല്‍ ഭാഗത്തും തീയും പുകയും. എന്റെ മൊബൈല്‍ വില്പനയാണെങ്കില്‍ ടാര്‍ഗറ്റുമായി പൊരുത്തപ്പെടുന്നില്ല. ഞാന്‍ ശ്വാസം കിട്ടാത്തത്രയും അസ്വസ്ഥതയിലായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി ചെയ്യാറുളളതുപോലെ ആരൊക്കെയോ മോബൈലില്‍ വിളിച്ചു. ജോലി എയര്‍മൗസ് എന്ന മൊബൈല്‍ കമ്പനിയിലായതിനാല്‍ എപ്പോഴും ആരോടും സംസാരിക്കാമായിരുന്നു.
ജോര്‍ജ്ജ് നിടുങ്ങോം എന്ന ഞങ്ങളുടെ ഏരിയാ മാനേജര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ദൈവമല്ല ഇപ്പോഴെന്നെ മുന്നോട്ട് നയിക്കുന്നത്. മൊബൈലാണ്. മൊബൈല്‍ മാത്രം.
മൊബൈല്‍ അദ്ദേഹത്തിന്റെ ചെവിക്കൊട്ടിയതുപോലെയാണ്. ചെവിയിലൂടെ താഴേക്ക് വളര്‍ന്ന സംസാരിക്കാനും കേള്‍ക്കാനും കഴിയുന്ന മറ്റൊരു വലിയ ചെവി
സഹായിയെവിളിക്കുന്നതും ചായ ആവശ്യപ്പെടുന്നതും എല്ലാം അതുവഴി മാത്രം.
എന്തിനധികം ഭാര്യയെയും കുട്ടികളെയും ഞാനിപ്പോള്‍ അറിയുന്നത് ഇതിലൂടെയാണ്. എനിക്ക് മറ്റൊന്നിനും നേരമില്ല. ഇതാണെങ്കില്‍ ആരെയും കാണാതെ നമ്മള്‍ പറയുന്നതിനുള്ള മറ്റേയാളുടെ പ്രതികരണമറിയാതെ നമുക്ക് മറ്റെന്തെങ്കിലും ചിന്തിച്ച്, പ്രവര്‍ത്തിച്ച് എത്രനേരം വേണമെങ്കിലും ഹാ. നിടുങ്ങോം ഒരിക്കല്‍ പറഞ്ഞു.
വെറുത്ത് പോകുന്ന കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം എപ്പോഴും പറയുന്നത്. ഓരോ മാസവും കുത്തനെ ഉയര്‍ത്തുന്ന ടാര്‍ഗെറ്റ് അവ ലക്ഷ്യത്തിലെത്തിക്കാനുള്ള കുറുക്കുവഴികള്‍. ഞാന്‍ റോഡിലേക്ക് നോക്കി. എല്ലാവരും മൊബൈലില്‍ സംസാരിക്കുന്നു. ചിലരെയെങ്കിലും തന്റെയൊപ്പമുള്ളവരോടും തന്നെയായിരിക്കണം വളരെ വിദൂരദേശത്തുള്ളൊരാളോടെന്നപോലെ ഇങ്ങനെ സംസാരിച്ച് തീര്‍ക്കുന്നത്.
മൊബൈല്‍ തരംഗങ്ങള്‍ തലക്ക് തട്ടുമ്പോള്‍ ശബ്ദകോശങ്ങള്‍ പുറത്തേക്ക് നിലവിളിച്ചുപോകുന്നതായിരിക്കാം. അങ്ങനെയൊരു ഘട്ടത്തില്‍ ചിലപ്പോള്‍ ആരോടുമല്ലാതെയും സംസാരിക്കുമായിരിക്കും. (സംഗീതയുടെ മൊബൈലും ആധുനിക മനുഷ്യരും എന്ന പ്രബന്ധത്തില്‍ നിന്ന് വായിച്ചറിഞ്ഞത്)
സന്ധ്യയായതോടെ നഗരം നൂറുകണക്കിന് മൊബൈല്‍ ടവറുകളുടെ നിഴല്‍ വീണ് വളരെ ദുരൂഹമായ ഒരു യുദ്ധഭൂപടം പോലെയായിരുന്നു. ഭൂമിയെ മുഴുവന്‍ ഇരുമ്പ് വലകൊണ്ട് മൂടിയതുപോലെയുള്ള നിഴലുകള്‍ ചില ടവറുകളാകട്ടെ ആകാശത്തെയും തുരന്ന് അപ്പുറമെത്തിയിരുന്നു.
മൊബൈലിലേക്ക് സംഗീതയുടെ മെസേജ് വന്നു
എയര്‍മൗസില്‍ ജോലി ലഭിച്ചതും കമ്പനി എന്നെ ആദ്യമായി അയച്ചത് അവളുടെ കോളേജിലേക്കായിരുന്നു. പുതുതായി ഇറക്കിയ "ഡബിള്‍ ഫേസ്' എന്ന സ്കീമിലേക്ക് ആളെ ചേര്‍ക്കാനായി. ഇതു പ്രകാരം ഒരു പെണ്‍കുട്ടിക്ക് തന്റെ എയര്‍മൗസ് മൊബൈലില്‍ നിന്ന് ദിനം തോറും രണ്ട് ആണ്‍കുട്ടികളുടെ മൊബൈലിലേക്ക് പത്തു മണിക്കൂര്‍ ഫ്രീകോള്‍ അനുവദിച്ചിരുന്നു. പിന്നീട് കമ്പനി സ്കീം അവസാനിപ്പിച്ചതിനുശേഷവും പെണ്‍കുട്ടികള്‍ ആരോടെന്നില്ലാതെ സംസാരിച്ചു. പക്ഷേ എത്ര പരിശ്രമിച്ചിട്ടും സംഗീത മാത്രം അവളുടെ പഴയ ഫോണില്‍ നിന്നും മാറിയില്ല.
ഞാന്‍ മൊബൈലാണെങ്കിലും എന്റെയുള്ളില്‍ അപ്പോഴും പറിച്ചു കളഞ്ഞിട്ടില്ലാത്ത ഒരു ലാന്റ് ലൈന്‍ ഉണ്ടായിരുന്നു. അതിലൂടെയാകണം ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രണയതരംഗങ്ങളെ അറിയാനും അയക്കാനും കഴിഞ്ഞത്.
ഭൂമിയുമായി ബന്ധമില്ലാത്തതൊക്കെയും കൃത്രിമവും പ്രകൃതി വിരുദ്ധമാണ്. സംഗീത പറഞ്ഞുതുടങ്ങി. മനുഷ്യന്‍ അവന്റെ
അന്ത്യനാളുകളില്‍ കണ്ടുപിടിച്ച ഒന്നായിരിക്കണം മൊബൈല്‍. മരണത്തിന് തൊട്ടുമുന്നേയുള്ള ഏതാനും ഉന്മാദഭരിതമായ ദിനങ്ങള്‍.
ഞങ്ങള്‍ കടല്‍ത്തീരത്ത് ഞങ്ങളുടെ കമ്പനിയുടെ സ്‌പോണ്‍സര്‍ ഷിപ്പില്‍ പണി കഴിപ്പിച്ച പാര്‍ക്കിലിരിക്കുകയാണ്. കടല്‍ വൈബ്രേഷനിലിട്ട മൊബൈല്‍ പോലെ ശബ്ദമുണ്ടാക്കാതെ മാരകമായി ഇളകുന്നുണ്ടായിരുന്നു.
ആഗോളീകരണം എന്നൊക്കെ പറയുന്ന ഒരു സംഗതിയുടെ അവിഹിത സന്തതിയാണ് ഈ മൊബൈല്‍. നമ്മള്‍ എത്രയൊക്കെ
കൂട്ടിയാലും കുറച്ചാലും നാശനഷ്ടങ്ങളുടെ പൂരമാണ് ഇതിന്റെ അവശേഷിപ്പ്.
നീ മുന്‍ധാരണകളോടെ ചിന്തിക്കുന്നതുകൊണ്ടാവും ഇങ്ങനെയൊക്കെ തോന്നുന്നത്. ഞാന്‍ പറഞ്ഞു.
ആയിരിക്കാം. എങ്കിലും എനിക്കോര്‍മ്മയുണ്ട്. ഈ അടുത്ത കാലം വരെയും ഈ കടല്‍ത്തീരത്തിലേക്ക് ഏപ്രില്‍ മെയ് മാസങ്ങളിലായി നൂറുകണക്കിന് ദേശാടനക്കിളികള്‍ വരാറുണ്ടായിരുന്നു. അവയെ കാണാനായി ദൂരദേശങ്ങളില്‍നിന്ന് ആള്‍ക്കാരും...ഞാനും എന്റെ കുട്ടി ക്കാലത്ത് അച്ഛന്റെ കൂടെ വന്നിട്ടുണ്ട്. ഇവിടം ഇപ്പോള്‍ നിങ്ങളുടെ ടവറിന് മുകളിലുള്ള കാക്കകളും പരുന്തുകളുമല്ലാതെ മറ്റൊരു പക്ഷിയുടെ തൂവലുപോലുമില്ല. മനുഷ്യര്‍ക്ക് ശേഷവും ഇവിടെ അവശേഷിക്കുന്നത് കാക്കകളും പരുന്തുകളും മാത്രമായിരിക്കും...
കടല്‍ക്കാറ്റുപോലും തൊലി പൊള്ളിക്കുന്നുണ്ടായിരുന്നു.അവളുടെ സംഭാഷണം മാറ്റാനായി ഞാന്‍ പറഞ്ഞു. വല്ലാത്ത ചൂട്,
നമുക്കെന്തെങ്കിലും കഴിക്കാം.
മൊബൈലിനെക്കുറിച്ച് പഠിച്ച് പഠിച്ച് നീ വല്ലാത്തൊരു അപകടത്തിലായിരിക്കുന്നു. ഞാനവളുടെ പ്രബന്ധം മറിക്കുന്നതിനിടയില്‍ പറഞ്ഞു.
പ്രബന്ധത്തില്‍ നിന്നുള്ള ചിലഭാഗങ്ങള്‍.
മൊബൈല്‍ ആളെ കുട്ടം തെറ്റിക്കുന്നു അല്ലെങ്കില്‍
ഏകാന്തനാക്കുന്നു.

കൂട്ടായ്മയെ തകര്‍ക്കുക എന്നത് നവലോകക്രമത്തിലെ ഒളിപ്പിച്ചു വെച്ച് സിദ്ധാന്തവും നമ്മുടെ ഇടയില്‍ പരക്കെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമാണ്.കുടുംബങ്ങളുടെ കൂട്ടായ്മയെ തകര്‍ക്കുക, രാഷ്ട്രീയത്തെ തകര്‍ക്കുക...
അപകടരഹിതമായ മതവിശ്വാസം ആശ്വാസവും സാന്ത്വനവുമാണ്. അഴിമതികളില്ലാത്ത രാഷ്ട്രീയം പ്രതീക്ഷയും പ്രചോദനവുമാണ്. ഗോത്രങ്ങള്‍ ഉറപ്പാര്‍ന്ന ഐക്യങ്ങളായിരുന്നു. പൊതുവായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി മാത്രം പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ഈ ലോകത്ത് എത്ര ഗോത്രങ്ങള്‍ അവശേഷിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, മതങ്ങള്‍..? കൂട്ടം തെറ്റിയവനെ ഭയപ്പെടുത്തി തെറ്റായ വഴിയിലേക്ക് ആനയിക്കുക എന്നത് വളരെ എളുപ്പമാണ്. ഈയൊരു സിദ്ധാന്തത്തിലൂടെയാണ് നമ്മുടെ ടെക്‌നോളജികളും ഘട്ടംഘട്ടമായി വളര്‍ന്നുകൊണ്ടിരിക്കുന്നത്.
റേഡിയോ- ഒരു കാലംവരെയും കൂട്ടായ്മയുടെ സംഗീതമായിരുന്നു. അവ നാലുദിക്കുകളെയും ശബ്ദംകൊണ്ട് ഒന്നിപ്പിച്ചു. വഴിയറിയാതെ ദിക്കുതെറ്റി അലയുന്നവനെ പോലും റേഡിയോയുടെ ശബ്ദം മനുഷ്യ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയും ആശ്വസിപ്പിക്കു കയും ചെയ്തു. ശേഷം വന്ന ടി.വി മനുഷ്യരെ സംഘര്‍ഷഭരിതമായ അവസ്ഥയിലെത്തിച്ചും ഒരു മുറിയുടെ ഏറ്റവും അടുത്ത മുറിയിലുള്ള സഹോദരനെപോലും സംശയിക്കാനും ശത്രുവിനെക്കാളും ഭീകരമായി കാണാനും പഠിപ്പിച്ചു.
ലാന്റ് ഫോണ്‍ അറ്റുപോയ മനുഷ്യരെ സ്‌നേഹംകൊണ്ടും ശബ്ദ സാന്നിദ്ധ്യം കൊണ്ടും മുമ്പത്തേക്കാളും ഒന്നിച്ചു ചേര്‍ത്തു.
 നീയുണ്ടായിട്ടും നീയില്ലാത്ത അവസ്ഥ മരണത്തേക്കാളും വേദനിപ്പിക്കുന്നതാണെന്നും നിന്നെ എത്രയും വേഗമൊന്നു കാണണമെന്നും രണ്ടുപേരെയും കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിച്ചു.
അവസാനം വന്ന മൊബൈല്‍ എല്ലാറ്റിനെയും തകര്‍ത്തു തരിപ്പണമാക്കി. നീയുണ്ടായാലെന്ത്.. ഇല്ലെങ്കിലെന്ത്.. ഇതാണ് ഓരോ മൊബൈലിന്റെയും ഏറ്റവും ലളിതമായ ചോദ്യം. ഇപ്പോഴത്തെ സമൂഹത്തിന്റെയും...
ആദ്യം ഒരു രോഗത്തിനെതിരെയുള്ള മരുന്ന്, പിന്നെ ആ മരുന്നിനെ കൊല്ലുന്ന മറ്റൊരു മരുന്ന്.
ഉപകരണങ്ങള്‍ യുദ്ധോപകരണങ്ങളാകുന്ന കാലം
സുജിത എന്ന എന്റെ സുഹൃത്തിന് അവളുടെ അച്ഛന്‍, എല്ലായ്പോഴും വിവരങ്ങള്‍ അറിയാമല്ലോ എന്ന താല്‍പര്യത്തോടെ മൊബൈല്‍ മേടിച്ചുകൊടുക്കുന്നു. ശേഷം എല്ലാ ദിനങ്ങളിലും അവള്‍ അച്ഛനെ വിളിക്കുന്നു, അമ്മയെ വിളിക്കുന്നു. പിന്നീട് ലോകത്തിന്റെ നാനാഭാഗ ങ്ങളില്‍ നിന്നും ആരൊക്കെയോ അവളെ വിളിക്കാന്‍ തുടങ്ങി. മറ്റൊക്കെ വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടിലേക്കോടുന്ന സുജിത ഇപ്പോള്‍ വീട് കണ്ടിട്ട് മാസങ്ങളായി. വീട്ടില്‍ നിന്നുള്ള വിളി വന്നാല്‍ അവള്‍ നൂറുകണക്കിന് കള്ളങ്ങള്‍ പറയുന്നു. ഇന്നു നാട്ടിലേക്ക് പോകുന്നില്ലേയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ അവള്‍ പറയും. ഞാനിപ്പോള്‍ ചെല്ലാന്‍ മാത്രം അവിടെ ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ല...
എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവള്‍ എവിടേക്കാണ് പോകുന്നത്..?
ഞാന്‍ അവളുടെ പുസ്തകം അടച്ചുവെച്ച് കടലിലേക്ക് നോക്കി. കടലില്‍ ശൂന്യത നൃത്തം ചെയ്യുന്നു. ഇത്തരത്തിലൊരു പഠനം
എന്റെയൊക്കെ ഭാവിയെ വല്ലാത്ത പ്രതിസന്ധിയിലാക്കും. ഞാന്‍ പറഞ്ഞു.
ഇല്ലേയില്ല... നീയിപ്പോള്‍ വലിക്കുന്ന സിഗരറ്റ് അതിനുമുകളിലുള്ള വളരെ വ്യക്തമായ മുന്നറിയിപ്പ്.. ഒരിക്കലും ഇത് അത്രപോലും വരില്ല. എളുപ്പത്തില്‍ മുറിവേല്‍ക്കാത്ത യാതൊരു അപകടത്തെയും മനുഷ്യര്‍ ഇന്നേവരെയും അപകടങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, പ്രത്യക്ഷത്തില്‍ സുന്ദരമാണെന്ന് തോന്നുന്ന ഏത് വസ്തുവും ഭാവിയിലേക്ക് ചില മാരക വസ്തുക്കള്‍ നീക്കിവെക്കുന്നുണ്ട് തീര്‍ച്ച.
മൊബൈലില്‍ മാനേജരുടെ അര്‍ജന്റ് മെസേജ് വന്നു. അരൂണ്‍ ഇന്നു വൈകുന്നേരം ചീഫിന്റെ മീറ്റിംഗുണ്ട്. തീര്‍ച്ചയായും പങ്കെടുക്കണം. ഇതില്‍ മറ്റ് ഒഴിവുകളില്ല.
ഞാന്‍ ഓഫീസിലേക്ക് ഓട്ടോ കയറി.
ഏ.സിയില്‍ കയറിയപ്പോള്‍ തീച്ചൂളയില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസമായി.
മാനേജരുടെ കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടറും, പ്രൊജക്ടറും മറ്റും ഒരു പയ്യന്‍ ഘടിപ്പിക്കുന്നു. ചുമരിലെ വലിയ സ്ക്രീനില്‍ "എയര്‍മൗസ്' എന്ന് തെളിഞ്ഞു.
ചീഫ് സംസാരിച്ചുതുടങ്ങി.
ഗുഡ് ആഫ്റ്റര്‍ നൂണ്‍... എല്ലാവര്‍ക്കും...
അറിയാമല്ലോ. വളരെ സുപ്രധാനമായ ചില കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ തിടുക്കത്തില്‍ എത്തിയത്. ഇന്നു അര്‍ദ്ധരാത്രി മുതല്‍ നമ്മുടെ നെറ്റ് വര്‍ക്ക് ഒന്നുകൂടി ആധുനികമാവും. കൂടുതല്‍ കൃത്യവും സൂക്ഷ്മവും ഇനിമുതല്‍ നമ്മുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഒരാള്‍ നമ്മുടെ പരിധിക്കുള്ളിലാണെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ വലയിലായി എന്നുതന്നെയാണ്.
നോക്കൂ... അദ്ദേഹം മോണിറ്ററില്‍ വിരലമര്‍ത്തി. നിങ്ങളുടെ നഗരം, നിങ്ങളുടെ ജനങ്ങള്‍, നിങ്ങള്‍ അതെ നമ്മുടെ ടവറുകളില്‍ അതിസൂക്ഷ്മ വിദേശനിര്‍മ്മിത ക്യാമറകളുടെ ശ്രൃംഖലകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനിയങ്ങോട്ട് ആരെ വേണമെങ്കിലും എങ്ങനെയും നമുക്ക് പിന്തുടരാം. ഇത്തരത്തിലൊരു സംവിധാനം ഇതുവരെ മറ്റാരും നേടിയിട്ടില്ല. ഓര്‍ക്കുക, രണ്ടോ മൂന്നോ ദിനങ്ങള്‍ കൊണ്ടോ മിനുട്ടുകള്‍ കൊണ്ടോ എല്ലാവരും ചെയ്‌തേക്കാം. അതിനാല്‍ നമുക്കുള്ളത് നിമിഷങ്ങള്‍ മാത്രമാണ്. ഈ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമുക്ക് നഗരത്തെ കൂട്ടത്തോടെ എയര്‍ മൗസിലേക്ക് മാറ്റണം. ഒരിക്കലും മാറാന്‍ കൂട്ടാക്കാത്തവരെ ഏതു വഴിയിലൂടെയും പിന്തുടര്‍ന്ന് മാറ്റിയെടുക്കണം. കമ്പനി ഒരുക്കിത്തരുന്ന ഇത്തരം സൗകര്യങ്ങളെ നിങ്ങള്‍ പരമാവധി ചൂഷണം ചെയ്യും എന്നെനിക്കുറപ്പുണ്ട്.
ഇത്തരത്തിലൊരു സംവിധാനം വരുന്നതോടെ ഭൂമിയില്‍ രണ്ടുതരം ഭൂപ്രദേശങ്ങള്‍ മാത്രമാണുണ്ടാവുക. കവറേജ് ഏരിയയൂം ഔട്ട് ഓഫ് കവറേജ് ഏരിയയും. ഇനിയങ്ങോട്ട് ഔട്ട് ഓഫ് കവറേജ് ഏരിയ എന്നത് മാന്യന്‍മാര്‍ക്ക് ഒരു തരത്തിലും ജീവിക്കാന്‍ പറ്റാത്ത ഒരു മൂന്നാം ലോകമായിരിക്കും. ഔട്ട് ഓഫ് കവറേജ് ഏരിയായില്‍ ജീവിക്കുന്നവര്‍ക്ക് എല്ലായ്‌പോഴും ശ്വാസം മുട്ടലായിരിക്കും. ജനങ്ങള്‍ ജീവിതം അസഹ്യമായ ഘട്ടത്തില്‍ ടവറുകള്‍ സ്ഥാപിക്കാനായി ഭരണാധികാരികള്‍ക്കെതിരെ സമരം ചെയ്യും. അങ്ങനെ ഗവണ്‍മെന്റിടപെടുകയും അവിടങ്ങളിലൊക്കെ തീര്‍ത്തും സൗജന്യമായി ടവറുകള്‍ സ്ഥാപിക്കാന്‍ നമ്മോട് ആവശ്യപ്പെടുകയും ചെയ്യും. ഇതുവരെയും മൊബൈല്‍ ഉപയോഗിക്കാത്തവര്‍ ഭൂമിയുടെ കേന്ദ്രത്തില്‍നിന്നേ അറ്റു പോകുകയാണെന്ന് നമ്മള്‍ ചില പരസ്യങ്ങളും പദ്ധതികളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതോടെ മൊബൈലിലില്ലാത്തവര്‍ ഭൂതകാലത്തിലെവിടെയോ മറ്റോ ഉള്ള ചില അവശിഷ്ടങ്ങള്‍ മാത്രമാവും.
ചായ കഴിച്ചതിനുശേഷം അദ്ദേഹം സ്ക്രിനീല്‍ ഇരുണ്ടു കാണപ്പെട്ടതു പോലെയുള്ള ഒരു ഭാഗം ചൂണ്ടി പറഞ്ഞു.
“ഇതാണ് ചെങ്കാട്, തീര്‍ത്തും കവറേജില്ലാത്ത ഗ്രാമം.''
മുപ്പതിനായിരം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം ഇതുവരെയും ഒരു മൊബൈല്‍ കമ്പനിയും എത്തിയിട്ടില്ല. അടുത്ത വര്‍ഷത്തോടെ നമ്മുടെ ടവറ് ഇവിടെ പൂര്‍ത്തിയാവും. ഇവിടങ്ങളിലെ കൃഷിക്കാരെ ആധുനീകരിക്കേണ്ട ചുമതല നമുക്കാണ്. മിസ്റ്റര്‍ അരൂണ്‍, നാളെതന്നെ ചെങ്കാടിലെത്തി എനിക്കൊരു റിപ്പോര്‍ട്ട് അയച്ചുതരണം.
ഏതോ ചതുപ്പിലേക്ക് താഴുന്നതായി എനിക്കു തോന്നി. അപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി സംഗീതയുടെ മിസ്ഡ് കോള്‍ വന്നു. എനിക്കെന്തോ കുറച്ച് ആശ്വാസമായി.
മീറ്റിംഗ് കഴിഞ്ഞയുടനെ ഞാന്‍ സംഗീതയെ വിളിച്ചു.
"സംഗീത ഇനി യുദ്ധം ചെങ്കാടുമായാണ്. നാളെ നീ എന്റെ കൂടെ ചെങ്കാടിലേക്ക് വരണം.'
നിശ്ശബ്ദത മാത്രം..
ചെങ്കാട്ടിലായിരുന്നു സംഗീത ജനിച്ചതും വളര്‍ന്നതും. എനിക്ക് കടുത്ത വിഷമം തോന്നി.
ഞാന്‍ ജോര്‍ജ്ജ് സാറിന്റെ മുറിയിലേക്ക് ചെന്നു.
സാറ് കമ്പ്യൂട്ടറിലായിരുന്നു.
വീട്ടിലേക്ക് പോകുന്നില്ലേ..
ഇല്ല, ഇല്ല ഞാനിനി എവിടെയും പോകുന്നില്ല. എല്ലാം ഇവിടം ഉണ്ടാകുമ്പോള്‍ വെറുതെ സമയം കളയാന്‍...
കമ്പ്യൂട്ടറില്‍ നഗരത്തിലെ പരിചയമില്ലാത്ത ഒരു ഇടവഴിയായിരുന്നു.അദ്ദേഹം ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങി.
ഞാന്‍ റോഡിലേക്കിറങ്ങി.
ഇരുട്ടില്‍, ശ്മശാനത്തില്‍ ഉയര്‍ത്തിനാട്ടിയ കുരിശുപോലെ ഭയ പ്പെടുത്തുന്ന ടവറുകള്‍.. പ്രേതങ്ങളുടെ വെളിച്ചമില്ലാത്ത കണ്ണുകള്‍ പോലെ അടഞ്ഞിരിക്കുന്ന സൂക്ഷ്മ ക്യാമറകള്‍.. എന്നിലൂടെ ഭയത്തിന്റെ തരംഗങ്ങള്‍ കുതിച്ചുകയറുന്നത് ഞാനറിഞ്ഞു.
ഞാന്‍ സംഗീതയെ വീണ്ടും വിളിച്ചു.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
"ഇനി ഒരിക്കലും എനിക്ക് ചെങ്കാടിനെ ചെങ്കാടായി കാണുക സാധ്യമായിരിക്കില്ല. അതുകൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ വരുന്നത്.'
സംഗീത പറഞ്ഞു.
ചെങ്കാടിലെ മരങ്ങള്‍ വാടുവാന്‍ തുടങ്ങും. പുഴകള്‍ വറ്റും. കിളികള്‍ നോട്ടു പുസ്തകത്തിലെടുത്തുവെച്ച തൂവലുകള്‍ മാത്രമുള്ള
 ഓര്‍മ്മയാവും. മനുഷ്യരൊക്കെയും യന്ത്രങ്ങള്‍ പോലെയും.
ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം മരങ്ങള്‍ക്കിടയിലൂടെ കടന്നുവന്ന തണുത്ത കാറ്റ് എന്നെ അവളിലേക്ക് വല്ലാതെ അടുപ്പിച്ചു. അവളുടെ ശരീരത്തെ തൊട്ടറിഞ്ഞപ്പോള്‍ എന്നോ നനഞ്ഞ പുതുമഴയുടെ കുളിരിനെ ഞാനറിഞ്ഞു. ഞാന്‍ വല്ലാതെ പ്രണയത്തിലായിരുന്നു. ഏതോ കാലത്തെ ഒരു പ്രണയസിനിമയിലെ അങ്ങേയറ്റം പ്രണയം നിറഞ്ഞ യുഗ്മഗാനം പോലെയായി ഞാനും അവളും.
ഓരോ ടവറും മനുഷ്യന്‍ ദൈവത്തിനും പ്രകൃതിക്കും നേരെ നീട്ടുന്ന യുദ്ധമുനകളാണ്. അവള്‍ കരയുന്നുണ്ടായിരുന്നു.
ഗ്രാമീണര്‍ ഞങ്ങളെ അപകടത്തില്‍പ്പെട്ടവരെയെന്നപോലെ ദയയോടെ നോക്കി. അവര്‍ക്ക് സംഭവിക്കാന്‍ തുടങ്ങുന്ന അപകടങ്ങളെ കുറിച്ച് ഒന്നും പറയുവാന്‍ കഴിയാതെ ഞങ്ങള്‍ തിരിച്ചുനടന്നു.
രാത്രിയില്‍ ഓഫീസിലേക്ക് കയറവേ ഞാന്‍ ചിലതൊക്കെ ഉറപ്പിച്ചിരുന്നു. ജോലിയെയും ജീവിതത്തെയും സംബന്ധിച്ച്.
ജോര്‍ജ്ജ് നിടുങ്ങോം അപ്പോഴും കമ്പ്യൂട്ടറില്‍ തന്നെയാണ്.
ഞാന്‍ വന്നതോ, പിന്നിലുള്ളതോ ഒന്നും അയാള്‍ അറിഞ്ഞില്ല.
ഞാന്‍ കമ്പ്യൂട്ടറിലേക്ക് നോക്കി. കമ്പ്യൂട്ടറില്‍ ഒരേ സമയം രണ്ടു ദൃശ്യങ്ങള്‍ തുറന്നുവെച്ചിട്ടുണ്ടായിരുന്നു.
ഒന്നാമത്തെതില്‍ ഇടവഴിയിലൂടെ ഒരു പെണ്‍കുട്ടി തന്റെ വീട്ടിലേക്ക് കയറുന്നതാണ്.
രണ്ടാമത്തെ ദൃശ്യം അപകടങ്ങള്‍ നിറഞ്ഞ ഒരു ഹിന്ദി സിനിമപോലെയുണ്ടായിരുന്നു.
മൂന്ന് ചെറുപ്പക്കാര്‍, ഒരു പടുകൂറ്റന്‍ വീടിന്റെ മതില് ചാടിക്കടക്കുന്നു.
അവരുടെ മൂന്നുപേരുടെയും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച "കത്തി' യെന്ന പോലെ മൊബൈലുമുണ്ടായിരുന്നു. മുന്നുപേരും ഒരുമിച്ചു ഒരു കുളിമുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതും വളരെ ഭംഗിയുള്ള ഒരു സ്ത്രീ തന്റെ നനഞ്ഞ നഗ്നശരീരത്തെ കൈകള്‍കൊണ്ട് ആവുന്നതും മൂടി ദൈവമേ.. എന്നു നിലവിളിച്ചതും. ഞാന്‍ ഇത് ഇയാളുടെ തന്നെ ഭാര്യയാണല്ലോയെന്ന് ആശങ്കപ്പെട്ടു. അടുത്ത നിമിഷം മുന്ന് ചെറുപ്പക്കാരും ആ സ്ത്രീയെ ബലമായി കീഴ്‌പ്പെടുത്തുകയും തുറന്നുവെച്ച വായ യിലേക്ക് തങ്ങളുടെ കീറിയതും വൃത്തികെട്ടതുമായ അടിവസ്ത്രങ്ങള്‍ കുത്തിനിറച്ചു. ശേഷം അവര്‍ ആ സ്ത്രീയുടെ ശരീരങ്ങളിലെ ഓരോ ഭാഗങ്ങളിലും പിടുത്തമിടുകയും മറുകൈകള്‍ കൊണ്ട് മൊബൈല്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു.
അപ്പോഴും ജോര്‍ജ്ജ് നിടുങ്ങോമിന്റെ കണ്ണുകള്‍ കൂടുതല്‍ തുറക്കുക മാത്രം ചെയ്തു.
അടുത്ത ദൃശ്യത്തിലെ പെണ്‍കുട്ടി തന്റെ മുറിയില്‍ കയറി വസ്ത്രങ്ങള്‍ അഴിച്ച് മറ്റൊന്നു ധരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വസ്ത്രങ്ങള്‍ അഴിക്കവേ, അവള്‍ കണ്ണാടിക്കഭിമുഖമായപ്പോള്‍ ഞാനവളുടെ മുഖം കണ്ടു. സംഗീത! എന്റെ കണ്ണുകളില്‍ ഇരുള്‍ കയറി.
അപ്പോഴേക്കും ജോര്‍ജ് നിടുങ്ങോം തന്റെ ചത്തതുപോലുള്ള ലിംഗത്തെ പാന്റില്‍ നിന്ന് പുറത്തേക്കിട്ട് തഴുകാന്‍ തുടങ്ങിയിരുന്നു. പിന്നീടയാള്‍ എത്ര പരിശ്രമിച്ചിട്ടും ഉണരാത്ത ലിംഗത്തിലേക്ക് തന്റെ മൊബൈലിനെ ചേര്‍ത്ത് വെക്കുന്നത് വെറുപ്പോടെ ഞാന്‍ കണ്ടു.
ഹൃദയം പൊട്ടിനുറുങ്ങിയ വേദനയിലായി ഞാന്‍. സംഗീതേ... ഞാന്‍ ഒച്ചയിട്ടു. തൊണ്ട അടഞ്ഞിരിക്കുന്നു. പെട്ടെന്ന് കടുത്ത ശ്വാസം മുട്ടലിനിടയില്‍ ഞാന്‍ മൊബൈലിലേക്ക് നോക്കി. ചാര്‍ജ് പൂര്‍ണ്ണമായും തീര്‍ന്നിരുന്നു. മൊബൈല്‍ സ്ക്രീനില്‍ അപകടകരമായ രീതിയില്‍ ചുവന്ന വെളിച്ചം പടര്‍ന്നു തുടങ്ങി.