ഇവിടെ ഈ ജോലിക്ക് കയറിയ ആദ്യദിനം ഞാനൊരു ബുക്ക് ഷോപ്പ് കണ്ടെത്തിയ ആനന്ദത്തോടെ അവിടെ കയറി. തണുപ്പ് നിറഞ്ഞതും നേര്‍ത്ത സുഗന്ധം മണക്കുന്നതുമായിരുന്നു അതിന്റെ അകം. എനിക്ക് പരിചയമുള്ള ആരെയെങ്കിലും കാണുമെന്നുമുള്ള പ്രതീക്ഷയോടെ ഞാന്‍ മനോഹരമായ ചില്ലുക്കൂടുകള് മുഴുവന്‍ അരിച്ചുപെറുക്കി. കൂടുകളിലൊക്കെയും ആര്‍ച്ചീസ് ട്വിങ്കിള്‍, ഹാര്‍ഡി ബോയ്സ്, സീക്രട്ട് സെവന്, ഫെയ്മസ് ഫൈവ്, മില്‍സ് ആന്റ് ബൂണ്‍ തുടങ്ങിയ തുടുത്ത് വെളുത്ത വിലകൂടിയവര്‍ മാത്രമായിരുന്നു. ശേഷം അബദ്ധത്തില്‍ പോലും ഞാനങ്ങോട്ട് കയറിയിട്ടുപോലുമില്ല.
ഇന്നലെ "ഫോര്‍ട്ട് കഫെ' എന്ന ടീഷോപ്പില്‍ വെച്ച് ബുക്ക് ഷോപ്പിന്റെ മാനേജരെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു
“ആരാണ് ഈ ഹാരിപോട്ടര്‍, വല്ല ദൈവപുത്രനുമാണോ ?''
മാനേജര്‍, എന്നെ ഒരു ചരിത്രമ്യൂസിയത്തിലെ അങ്ങേയററം പഴക്കം ചെന്ന വസ്തുവിനെ പോലെ ആകമാനം നോക്കി പറഞ്ഞു.
“ദൈവപുത്രന് തന്നെയാണ്.. ലോകത്തെ മുഴുവന്‍ ഒന്നാക്കുവാന്‍ ജനിച്ചവന്''
എങ്ങനെയായിരിക്കും അവന് ലോകത്തെ ഒന്നാക്കുക.? ഞാന്‍ പലമാതിരി ചിന്തിച്ചു.
അതിനെന്ത് വില വരും?
975 രൂപ.
കുടിച്ചുകൊണ്ടിരിക്കുന്ന ചായയില്‍ കുപ്പിച്ചില്ല് കുടുങ്ങിയതുപോലെ ഞാന്‍ വല്ലാതെയായി.
കുടിച്ചുകൊണ്ടിരിക്കുന്ന ചായയില്‍ കുപ്പിച്ചില്ല് കുടുങ്ങിയതുപോലെ ഞാന്‍ വല്ലാതെയായി.
എന്റെ ഒരു മാസത്തെ കൂലിയും പിന്നെയും അഞ്ചുപത്തു ദിവസങ്ങളും. അതിനെ തൊടുവാന്‍ പോലും എനിക്കിപ്പോള്‍ ത്രാണിയില്ല. എങ്കിലും ഞാനതിന്റെ ഉള്ളടക്കത്തെ അറിയാനുള്ള മുടിഞ്ഞ ആകാംക്ഷയാല്‍ വീണ്ടും ചോദിച്ചു.
"അതിന്റെ കഥയൊന്നു പറഞ്ഞുതരുമോ?'
വളരെ അശ്ലീലമായൊരു ചിരിയായിരുന്നു മാനേജരില്‍ നിന്നും ആദ്യമുണ്ടായത്. പിന്നെ പുച്ഛത്തോടെയെന്നപോലെ പറഞ്ഞു.
അതിനു 975 രൂപ മുടക്കി പുസ്തകം വാങ്ങുക തന്നെ വേണ്ടിവരും. പുസ്തകം പൈസ കൊടുത്തു മേടിക്കാതെ ദൈവത്തിന് പോലും അതിനുള്ളിലെ സംഗതി അറിയാനൊക്കത്തില്ല. പിന്നെയാണ് നിനക്ക്..
പറഞ്ഞുകഴിയുന്നതിന് മുന്നെ മാനേജരുടെ ഫോണിലേക്ക് കോള്‍ വന്നു.
യേസ് സാര്‍, ന്യൂയോര്‍ക്കില്‍ റിലീസാകുന്ന അതേ നിമിഷം തന്നെ നമ്മളിവിടെയും കൊടുത്തിരിക്കും.. നോ.. നോ... സാര്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ട.. അവിടെ സാറിന്റെ കൂട്ടുകാരുടെ മക്കള്‍ ഹാരിപോട്ടര്‍ കയ്യിലെടുക്കുമ്പോള്‍ ഇവിടെ സാറിന്റ മക്കള്‍ വായിച്ചു തുടങ്ങിയിരിക്കും. ഷുവര്‍.
താങ്ക്സ് ഗോഡ്... എനിക്കാശ്വാസമായി. എന്റെ മക്കള്ക്കിവിടെനിന്നും എല്ലാം നല്കാന് കഴിയുന്നുണ്ടല്ലോ..ന്യൂയോര്ക്കിലുള്ളയാളുടെ ആ ശ്വാസം ഞാനും കേട്ടു.
വീണ്ടും വീണ്ടും കോളുകള്‍. മാനേജരുടെ ഫോണിന് വിശ്രമമേയില്ല.
ഞാന്‍ തിരിച്ചുനടക്കുമ്പോള്‍ ചിന്തിച്ചു. നമ്മളൊക്കെ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ആ പാവം കഥകളും കഥാപാത്രങ്ങളും എവിടെയായിരിക്കും?. സത്യത്തെയും നീതിയെയും സഹജീവി സ്നേഹങ്ങളെയും കുറിച്ച് നമ്മെ പഠിപ്പിച്ച തെന്നാലിരാമനും, കുഞ്ഞിക്കൂനനും, പഞ്ചതന്ത്രം കഥകളിലെ കാക്കയും കുറുക്കനുമൊക്കെ.. ഒരുപക്ഷെ ഇവരൊക്കെയും പുതിയ ശക്തിമാന്മാരായ നായകര്‍ കമ്പ്യൂട്ടറും യന്ത്രതോക്കുകളും മറ്റും ഉപയോഗിച്ച് എന്നന്നേക്കുമായി കൊന്നൊടുക്കിയിരിക്കണം.
ഞാന്‍ ബൂത്തിലെത്തുമ്പോഴേക്കും "ജോയി ഇന്റര്‍നാഷണല്‍ സ്കൂള്‍' എന്ന് യൂണിഫോമില്‍ സ്റ്റിക്കറെഴുതിയ രണ്ടുമുന്ന് പെണ്‍കുട്ടികളെ കണ്ടു. അവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്നെ കണ്ടയുടനെ കൂട്ടത്തിലൊരുവള്‍ ചോദിച്ചു.
“ഇവിടെ പ്രീപെയ്ഡ് കാര്‍ഡുണ്ടോ?''
“ഇല്ല'' ഞാന്‍ പറഞ്ഞു
എങ്കില്‍ ഒരു ഐ.എസ്.ഡി കോള്‍ ചെയ്യണം. അവള് കൈയ്യിലുള്ള മൊബൈല്‍ നോക്കി നമ്പര്‍ ഡയല് ചെയ്തു.
"ഹലോ പപ്പാ നിങ്ങളിപ്പോള്‍ എവിടെയാണ്..? മറന്നുപോയോ നാളെയാണ് നമ്മുടെ ഹാരിയുടെ റിലീസിംഗ്. പപ്പയ്ക്ക് നാളെ വരാന്‍ പറ്റുമോ ? ഓ.കെ. പപ്പ ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. പക്ഷേ പുലര്‍ച്ചെ തന്നെ ഹാരിയെ കൈയ്യില്‍ കിട്ടിയിരിക്കണം. മുന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ സംശയമാണ്. ഈ കണ്ട്രി നഗരത്തില്‍ ഒരു ബുക്ക് ഷോപ്പില്‍ മാത്രമാണ് ബുക്കിംഗിനുള്ള സൗകര്യമുള്ളത്. എന്റെ കൂട്ടുകാരൊ ക്കെയും കോപ്പി ഉറപ്പിച്ചുകഴിഞ്ഞു. നാളെ കയ്യില്‍ കിട്ടിയില്ലേല്‍ അറിയാമല്ലോ.. എന്റെ സ്വഭാവം
അവള് ഉപയോഗശൂന്യമായ വസ്തു വലിച്ചെറിയുന്നത്രയും വെറുപ്പോടെ ഫോണ്‍ റിസീവര്‍ താഴേക്കിട്ടു.
മറുഭാഗത്തുള്ളയാളുടെ ചെകിട് തകര്‍ന്നുപോകില്ലേ....ഞാന്‍ ഭയന്നു.
അവള് അത്യാഹ്ലാദത്തോടെ ആവേശത്തോടെ ബുക്ക്ഷോപ്പ് കയറുവാന്‍ തുടങ്ങി.
ഉച്ച കഴിഞ്ഞപ്പോഴേക്കും ബുക്ക്ഷോപ്പ് ഒരു വിശേഷദിനത്തിലെ പുണ്യസ്ഥലം പോലെ കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരെകൊണ്ട്
നിറഞ്ഞുതുടങ്ങിയിരുന്നു. ഹാരിപോട്ടര്‍ ബുക്കിംഗിനായുള്ള "ക്യൂ'' സ്റ്റെപ്പുകളിറങ്ങി താഴെ നിലയില്‍ വന്നു മുട്ടി.
നിറഞ്ഞുതുടങ്ങിയിരുന്നു. ഹാരിപോട്ടര്‍ ബുക്കിംഗിനായുള്ള "ക്യൂ'' സ്റ്റെപ്പുകളിറങ്ങി താഴെ നിലയില്‍ വന്നു മുട്ടി.
വൈകുന്നേരം ആയതോടെ ഞങ്ങളുടെ ബില്‍ഡിംഗിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയായിലേക്ക് സഞ്ചരിക്കുന്ന കൊട്ടാരവുമായി ഒരു വലിയ വാഹനം വന്നു നിന്നു. അതൊരു ഹാരിപോട്ടര്‍ വാഹനമാണെന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“ഉടന്‍ ഹാരിപോട്ടര്‍ ബുക്ക് ചെയ്യൂ...ഹാരിയില്‍ നിന്നും അനുഗ്രഹം ഏറ്റുവാങ്ങൂ...''
ആ വാഹനത്തിന്റെ നാലുഭാഗത്തും ഇങ്ങനെയെഴുതിയ കൂറ്റന്‍ ഇലക് ട്രോണിക് ബോര്‍ഡുണ്ടായിരുന്നു. അടുത്ത നിമിഷം ക്യൂവിലുണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ ഹാരിയുടെ കൊട്ടാരത്തെ വളഞ്ഞു.
വാഹനത്തില്‍ നിന്നും അഞ്ചാറ് വെളുത്ത എക്സിക്യുട്ടീവുകളും മന്ത്രവടി കൈയ്യിലേന്തിയ കുട്ടിയും പുറത്തേക്കിറങ്ങി.
“ദാ, നമ്മുടെ ഹാരിപോട്ടര്‍..''
എല്ലാവരും ഉച്ചത്തില്‍ വിളിച്ചു.
ഹാരിപോട്ടര്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഹാരിയില്‍ നിന്നും അനുഗ്രഹം ലഭിക്കൂ... അല്ലാത്തവരൊക്കെയും കര്‍ശനമായും മാറ്റി നിര്‍ത്തപ്പെടുന്നതാണ്. മുകളിലെ ബഹളങ്ങളില്‍ നിന്നും ആ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങി.
വന്നവരൊക്കെയും എവിടുത്തുകാരായിരിക്കുമെന്ന് ഞാന്‍ സംശയിക്കവെ ബുക്ക് ചെയ്തു മടങ്ങുന്നവരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു.
അവരൊക്കെയും ലണ്ടനില്‍ നിന്നുള്ള ഹാരിപോട്ടര്‍ കമ്പനിയുടെ ആള്‍ക്കാരാണ്. ഇത്തരത്തിലുള്ള കമ്പനി നിയമിക്കുന്ന ഉദ്യോഗസ്ഥരും ഹാരിയും കൂടി ലോകത്തെമ്പാടും ചുറ്റിക്കറങ്ങി ഹാരിയുടെ വരവിനുള്ള ഒരുക്കങ്ങള്‍ നിരീക്ഷിക്കും. കമ്പനി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ബുക്ക് ഷോപ്പുകള്‍ പാലിക്കുന്നില്ലെങ്കില്‍ അവിടേക്ക് ഹാരിയെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കില്ല. ഹാരി, പ്രവേശിക്കുന്നിടം അമേരിക്കയെന്നോ, ആഫ്രിക്കയെന്നോ, ബംഗ്ലാദേശെന്നോ ഭേദമില്ലാതെ അവന്റെ സ്വന്തം ഇടം പോലിരിക്കണം. ഇവിടത്തെ ഒരുക്കങ്ങളില്‍ കമ്പനി സംതൃപ്തരായത് നമ്മുടെ ഭാഗ്യം. അതുകൊണ്ടാണല്ലോ ഹാരി അവിടെ കയറിയതും, നമ്മളൊക്കെയും അനുഗ്രഹിക്കപ്പെട്ടതും. അവിടെ കയറുമ്പോഴേ ലണ്ടനിലെ ഏതോ നഗരത്തില്‍ കാല് കുത്തിയതു പോലെയുള്ള ഒരു ഫീല്‍ എനിക്കുണ്ടായി. ഇതുപറയുമ്പോള്‍ അയാളുടെ മുഖം ഒരുവൃത്തികെട്ട രീതിയില്‍ പ്രകാശിക്കുന്നത് ഞാന്‍ കണ്ടു.
സന്ധ്യയോടെ ഞാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു മാന്ത്രികന് വളരെ സമര്‍ത്ഥമായി ഒളിപ്പിച്ചതുപോലെ ബുക്ക്ഷോപ്പ് തീരെ ഇല്ലാതാവുകയും പകരം അവിടെ വളരെ ദുരൂഹമായി നിര്‍മ്മിക്കപ്പെട്ട ഒരു മാന്ത്രികക്കൊട്ടാരം ഉയരുകയും ചെയ്തു. കൊട്ടാരത്തിന് ചുറ്റും കണ്ടു പരിചയമില്ലാത്ത മരങ്ങളും ചെടികളും തിങ്ങിനിറഞ്ഞിരുന്നു. അതിനുള്ളിലാകെ കുറെ മന്ത്രവാദികളും. വെളുത്ത കുട്ടികളും പിന്നെ ഹാരിയും. അതിലൂടെ ചുറ്റിക്കറങ്ങിയാലോ. വേണ്ട പകരം ഞാന്‍ അടുത്ത ഷോപ്പില്‍ ചെന്ന് വായിക്കാനായി അന്നത്തെ പത്രം മേടിച്ചു.
പത്രത്തിലും നിറയെ ഹാരിപോട്ടറായിരുന്നു.
ഹാരിപോട്ടര്‍ കൊല്ലപ്പെടുമോ? കുട്ടികള്‍ ആകാംക്ഷയിലാണ്.!
ലോകമെമ്പാടുമുള്ള കുട്ടികളുടെ ദീര്ഘകാലകാത്തിരിപ്പിനൊടുവില് നാളെ കാലത്ത് അവന് എത്തുന്നു. അതെ അവരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരന് ഹാരി, ഹാരിപോട്ടര്‍. ഹാരിപോട്ടര്‍ സീരിസിലെ അവസാനഭാഗമായ "ഹാരിപോട്ടര്‍ ആന്‍ഡ് ദി ഡെത്തിലി ഹാലോസില്‍' നായകന് ഹാരി കൊല്ലപ്പെടുമോ? കുട്ടികള്‍ പരസ്പരം എസ് എം.എസി ലൂടെയും ഇന്റര്‍നെറ്റിലൂടെയും തങ്ങളുടെ ആശങ്കകള്‍ പങ്ക് വെക്കു കയാണ്. ഹാരിപോട്ടര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ക്ക് ഈ ലോകത്തോടും മുതിര്‍ന്നവരോടുമുള്ള പ്രതികരണം എന്തായിരിക്കും..? ലോകം മുഴുവനുള്ള മനശാസ്ത്ര വിദഗ്ധരും ശാസ്ത്രലോകവും ഈയൊരു പ്രതിസ ന്ധിയെ മറികടക്കാനുള്ള തിരക്കിട്ട ആലോചനകളിലാണ്. അങ്ങനെ സംഭ വിച്ചു കഴിഞ്ഞാല്‍ അതൊരു മൂന്നാം ലോക മഹായുദ്ധത്തെക്കാളും വലിയ മഹാദുരന്തമായിരിക്കും സൃഷ്ടിക്കുക എന്ന് ചിലര്‍ ഇപ്പോള്‍ തന്നെ പ്രവചിച്ചും കഴിഞ്ഞു. ഹാരിപോട്ടര്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ കുട്ടികളില്‍ അതുണ്ടാക്കുന്ന "മാനസിക സംഘര്‍ഷം' തരണം ചെയ്യാനുള്ള ചില മരുന്നുകള്‍ തങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞതായി ഒരു അമേരിക്കന്‍ മരുന്ന കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചതു മാത്രമാണ് ലോകത്തിന്റെ ഇപ്പോഴത്തെ ഏകആശ്വാസം. പുസ്തകത്തോടൊപ്പം പ്രസ്തുതമരുന്നും കൈക്കലക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗവും. ചില ഏജന്‍സികള്‍ തങ്ങള്‍ പുസ്തകത്തോടൊപ്പം മരുന്ന് സൗജന്യമായി നല്‍കുന്നതാണെന്ന് പരസ്യം ചെയ്തിട്ടുമുണ്ട്.
നമ്മുടെ നാട്ടില്‍, ഡല്‍ഹിയിലെ ചില സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹാരി പോട്ടറെ ശത്രുക്കളില്‍നിന്നും രക്ഷിക്കാനായി അമേരിക്കന്‍ സൈന്യത്തെ ഉടന്‍ രംഗത്തിറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചില ഇ-മെയിലുകള്‍ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ചതായി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറി യിച്ചു. അതെ, ലോകം മുഴുവനുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രി..
കണ്മുന്നിലൂടെ ഒരു ലഹളസംഘം നീങ്ങുന്നതുപോലെ എനിക്കു തോന്നി. ലോകം മുഴുവന്‍ മാരകായുധങ്ങളുമായി ഇറങ്ങിയതുപോലെ.
പത്രം മടക്കി ഞാന്‍ ദൂരെക്കിടവെ.. പുറം പേജില്‍ തീരെ ചെറുതായി ഒരു ബോംബുസ്ഫോടന ചിത്രം കണ്ടു. കൈകാലുകള്‍ അറ്റ് ശരീരം കീറിമുറിഞ്ഞ ഒരു നാല് വയസ്സുകാരന്.. മാന്ത്രികവടിക്ക് പകരം കയ്യില്‍ ചോരപുരണ്ട ഒരു കഷ്ണം റൊട്ടി, തിളങ്ങുന്ന രത്നം പതിച്ച കുപ്പായത്തിന് പകരം തൊലി നിറയെ ഇരുമ്പ് ചീളുകള്‍. പിന്നില്‍ മാന്ത്രികക്കൊട്ടാരമില്ലായിരുന്നു. പകരം തകര്‍ന്നു തരിപ്പണമായ ഒരു പള്ളി.
തൊട്ടുതാഴെ വലുതായി ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യ ചിത്രം. "ഗള്‍ഫുനാടുകളിലേക്ക് വിളിക്കൂ... വെറുതെ സംസാരിച്ച് കളിക്കൂ. മിനുട്ടിന് പത്തുപൈസ മാത്രം.'
പകര്‍ച്ചപ്പനിയെ പറ്റി എന്തെങ്കിലും ഉണ്ടോ മോനേ നമ്മുടെ പത്രങ്ങളില്‍. ഇതൊക്കെ എന്തുമാതിരി പനിയാണ് ദൈവമേ..? ആര്‍ക്കും ഒരു തിരിപാടും ഇല്ലല്ലോ..?
എന്റെ ഹാരിപോട്ടര്‍ ചിന്തകളെ തകര്‍ത്തുകൊണ്ട് പോര്‍ട്ടര്‍ കേശവേട്ടന് കിതപ്പിനിടയിലും ചോദിച്ചു.
പനിയെ പറ്റിയൊന്നും പത്രത്തിലില്ല. പക്ഷേ മറ്റൊരു പകര്‍ച്ച വ്യാധിയെ പറ്റി നല്ലോണം ഉണ്ടുതാനും.
“കേശവേട്ടന് പനിയുണ്ടോ..?''
ഞാന്‍ ചോദിച്ചു.
“മോളുടെ ഇളേകുഞ്ഞിന് ചുട്ടുപൊള്ളുന്ന പനി. എനിക്കുമുണ്ട്. എന്തു ചെയ്യാനാ.. എനിക്കങ്ങനെ കിടക്കാന്‍ പറ്റുമോ..?''
കേശവേട്ടന്, തന്റെ മണ്ണും വിയര്‍പ്പും നിറഞ്ഞ തലേക്കെട്ടഴിച്ച് പൊട്ടിയൊലിക്കുന്ന വിയര്‍പ്പിലേക്ക് വീശുന്നതിനിടയില്‍ ഇങ്ങനെ പിറുപിറുത്തു.
“അവര്‍ ആശുപത്രിയില്‍ പോയിട്ട് തിരിച്ചുവന്നുവോ. മോനേ, നീയീ നമ്പറൊന്ന് അമര്‍ത്തിയേ..''
കേശവേട്ടന് ഒരു ചെറിയ നോട്ടുബുക്ക് എന്റെ മേശമേലിട്ടു. പെരുമഴയില്പ്പെട്ട കടലാസുതോണി പോലെ അതൊക്കെ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.
"ഇനി എന്തിനാണ് വിളിക്കുന്നത്.. വീട്ടിലേക്ക് പോകാറായില്ലേ..?' ഞാന്‍ സംശയിച്ചു.
“ഇല്ല മോനേ, ഇന്നിനി വീട്ടിലേക്കില്ല.. നാളെ പുലര്‍ച്ചെ പുറംനാട്ടില്‍ നിന്നെവിടുന്നോ കുറച്ചധികം പുസ്തകക്കെട്ട് വരുന്നുണ്ട്പോലും. നമ്മുടെ പുസ്തകഷോപ്പിലെ മോന് അതിറക്കാന്‍ എന്നെയാണ് ഏല്പിച്ചത്. പത്തു നൂറ്റമ്പത് കെട്ടുണ്ടാകും. ഈ സമയത്ത് അതെനിക്ക് വലിയ ആശ്വാസമായിരിക്കും.''
കേശവേട്ടന് ഫോണിലൂടെ കരയുന്നുണ്ടോ..? പാവം കേശവേട്ടന് കുടുംബത്തിനുവേണ്ടി ഇപ്പോഴും രാവും പകലുമില്ലാതെ അധ്വാനിക്കുന്നു. കേശവേട്ടന് ഇപ്പോള്‍ എത്ര വയസ്സായിട്ടുണ്ടാകും. അറുപതോ എഴുപതോ.. അതോ ഇതൊക്കെയും നേരത്തെ കഴിഞ്ഞിരിക്കുമോ..?
ചിലര്‍ക്ക് ജീവിതമെന്നത് ജനനം മുതല്‍ മരണം വരെ നീളുന്ന ഒരു നീണ്ട ഒറ്റവരി കരച്ചില് മാത്രമാണെന്ന് ഞാന്‍ ഉറപ്പിച്ചു.
പനി കയറി തളര്‍ന്നുവീഴാറായ ഈ മനുഷ്യന് രാത്രിമുഴുവനും ഉറക്കമൊഴിച്ച് പത്തുനൂറ്റമ്പത് കെട്ടുകള്‍ അത്രയും ഉയരത്തില്‍
എത്തിക്കാനാകുമോ.?. ഞാന്‍ സംശയത്തിലായി.
എത്തിക്കാനാകുമോ.?. ഞാന്‍ സംശയത്തിലായി.
കേശവേട്ടന് കാബിനില്‍ നിന്നുമിറങ്ങുമ്പോഴേക്കും ഖനിയില്‍ കുടു ങ്ങിയ ഒരു മൃതശരീരം പോലെ തീരെ ശോഷിച്ചിരുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തിനായി എന്നോട് ആംഗ്യം കാണിച്ചു.
വെള്ളം കൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
“ഇത്രയും ക്ഷീണിച്ച സ്ഥിതിക്ക് ഇന്നിന് വീട്ടിലേക്കല്ലേ നല്ലത്..?''
കേശവേട്ടന് അതിനുത്തരമൊന്നും പറഞ്ഞില്ല. മോളുടെ പനി ഒട്ടും കുറവില്ല പോലും. നാളെയും കുറവില്ലേല് കോഴിക്കോട്ടേക്ക്. അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക്.
ബുക്ക്ഷോപ്പില്‍ നിന്നുമുയര്‍ന്ന ഒരു പാശ്ചാത്യഗാനത്തിന്റെ ഇടി മുഴക്കം കേശവേട്ടന്റെ കരച്ചിലിനെ ഇല്ലാതാക്കി.
“ഇതെന്തോ വലിയ കാര്യമാണെന്നു തോന്നുന്നുവല്ലോ?''
കേശവേട്ടന് ചോദിച്ചു.
“ആയിരിക്കണം. രാത്രിയിലും നിനക്ക് തന്നെയല്ലേ ഡ്യൂട്ടി.''
“അതെ.'' ഞാന്‍ തലയാട്ടി.
രാത്രി പന്ത്രണ്ട്മണിയോടെയാണ് ക്യൂ ഒന്നടങ്ങിയത്. അതുവരെയും ആള്ക്കാര് വരികയും പോവുകയും ഹാരിപോട്ടര്‍ എന്ന ദിവ്യാവതാരത്തില് നിന്നും അനുഗ്രഹം ഏറ്റുവാങ്ങാന്‍ മത്സരിക്കുകയും ചെയ്തു.
തീരെ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍- കേശവേട്ടനെ ഉറക്കം ഒരുമന്ത്രവാദി തന്റെ അദൃശ്യമാന്ത്രികവടി കൊണ്ടെന്നപോലെ ഇടയ്ക്കിടെ അടിച്ചിടുന്നത് കണ്ടു.
കേശവേട്ടന്, അഗ്നികുണ്ഠത്തിലകപ്പെട്ടതുപോലെ വിയര്‍ക്കുകയും ചിലപ്പോള്‍ മഞ്ഞുവീഴ്ചയില്‍ പെട്ടതുപോലെ വിറയ്ക്കുകയും ചെയ്തു. വിറയലില്‍ കേശവേട്ടന്റെ പല്ലുകള്‍ കൂട്ടിയുരയുന്ന ശബ്ദം ഒരു മഴക്കാല രാത്രിയിലെന്നപോലെ എന്നെ ഭയപ്പെടുത്തി.
പുലര്‍ച്ചെ നൂറുകണക്കിനുള്ള കാറുകളുടെ കൂട്ടക്കരച്ചിലാണ് എന്നെയുണര്‍ത്തിയത്. കണ്ണുതുറന്നപ്പോള്‍ ബില്‍ഡിംഗിന്റെ ഗ്രൗണ്ട് ഫ്ളോര്‍ യൂറോപ്പിലെയോ, അമേരിക്കയിലെയോ തിരക്കേറിയ ഒരു വിമാനത്താവളത്തിന്റെ കാര്‍പാര്‍ക്കിംഗ് ഏരിയപോലെ നിറഞ്ഞിരുന്നു. ഭൂമിയിലെ കാറുകളൊക്കെയും ഒന്നിച്ചതുപോലെ.
ബുക്ക്ഷോപ്പിനു മുന്നില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനാളുകള്‍ അത്ഭുതകരമായത് എന്തോ കൈയ്യിലെത്തുന്നതിന് മുന്നെയുള്ള ധ്യാനത്തിലായിരുന്നു.
ഇതിനിടയിലും ബഹളം വെക്കുന്നത് കൂടുപൊട്ടിയ കിളികളെ പോലെ നാലുഭാഗത്തുനിന്നും മരണവെപ്രാളം നടത്തുന്ന മൊബൈലുകള്‍ മാത്രം.
ഇവരില്‍ നിന്നെല്ലാം മാറി കേശവേട്ടന് വിധി കാത്തുനില്ക്കുന്ന കുറ്റവാളിയെപോലെ തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു.
“കേശവേട്ടാ... ഹാരിപോട്ടറുമായി വണ്ടി പിറകിലെത്തിയിട്ടുണ്ട്.. പെട്ടെന്ന് വളരെ പെട്ടെന്ന്..' ഷോപ്പ് മാനേജരുടെ ശബ്ദം എല്ലാറ്റിനും മുകളിലായി.
"പെട്ടെന്ന്, വളരെ പെട്ടെന്ന്' ആള്‍ക്കൂട്ടം മാനേജരുടെ ശബ്ദം ഏറ്റുപാടുകയും ഒറ്റക്കെട്ടായി കേശവേട്ടനെ തള്ളിപുറത്തേക്കിടുകയും ചെയ്തു.
കേശവേട്ടന് ഓരോ പ്രാവശ്യം കെട്ട് കൊണ്ടുവരുമ്പോഴും അതു താഴെ വെക്കുവാന്‍ പോലും സാവകാശം കൊടുക്കാതെ, ആള്‍ക്കൂട്ടം കഴുകന്മാരെ പോലെ കൊത്തിവലിക്കുന്നതായി എനിക്ക് തോന്നി.
പുറമെ തുടുത്ത ആണുങ്ങളും പെണ്ണുങ്ങളും എത്രമാത്രം മൃഗങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. പുസ്തകം കൈക്കലാക്കുവാനായി അവര്‍ പരസ്പരം ആക്രമിക്കുകയും കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. ചില കുട്ടികള്‍ കേശവേട്ടനെ വലിച്ച് പുറത്തെടുത്തു. അഞ്ചാറ് പ്രാവശ്യം ആയപ്പോഴേക്കും കേശവേട്ടന് വീഴുന്നതത്രയും കുഴഞ്ഞിരുന്നു.
പുസ്തകം കിട്ടാത്തവര്‍ വെടിമരുന്ന് തീര്‍ന്ന യുദ്ധമുന്നണിയിലെ ക്യാപ്റ്റന്റെ പകയോടെയും, ക്രോധത്തോടെയും കേശവേട്ടനെതിരെ ഉറഞ്ഞുതുള്ളി.
കേശവേട്ടനാകട്ടെ ആഴത്തില്‍ മുറിവേറ്റിട്ടും ഒരു കാലാളിന്റെ തികഞ്ഞ ഉത്തരവാദിത്വത്തോടെ പിന്നെയും പിന്നെയും ആയുധപ്പെട്ടിയുമായി വന്നുകൊണ്ടെയിരുന്നു.
രക്തം വാര്‍ന്നതുപോലെ വിളറിവെളുത്ത കേശവേട്ടനോട് ഞാന്‍ ചോദിച്ചു.
“കേശവേട്ടാ... ഞാനും കൂടട്ടേ..''
“വേണ്ട മോനേ.. ഇതെന്റെ ജോലിയാണ്. ഇതുമുഴുവന്‍ ഞാന്‍ തീര്‍ക്കും. ദാ കഴിയാറായി.''
ഇത്രയും പറഞ്ഞ് കേശവേട്ടന് ഒരു അപ്പൂപ്പന് താടി പോലെ പറക്കുന്നതായി എനിക്കു തോന്നി.
കേശവേട്ടന് ഒന്ന്, രണ്ട് പ്രാവശ്യം വരേണ്ട സമയമായല്ലോ എന്ന് ഞാന്‍ സംശിയക്കവേ.. പുസ്തകം കിട്ടാതെ അവശേഷിച്ച പത്തു പതിനഞ്ച് പേര് എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഉച്ചത്തില്‍ നിലവിളിച്ചു.
ദൈവമേ..എവിടെ ഞങ്ങളുടെ ഹാരിപോട്ടര്‍...? തടിച്ച മനുഷ്യരുടെ നിലവിളി കെട്ടിടത്തെ കാറ്റുപോലെ ഇളക്കുന്നതായും മെല്ലെ ബുക്ക് ഷോപ്പ് കരച്ചിലിന്റെ ഒരുമഹാസമുദ്രം പോലെ അലറി അടുക്കുന്നതായും എനിക്കു തോന്നി.
എവിടെ കേശവേട്ടന്..കേശവേട്ടന് എന്തോ സംഭവിച്ചിരിക്കുന്നു...? ഞാനും ഒച്ചത്തില്‍ നിലവിളിച്ചു.
പുസ്തകം കിട്ടാത്തവര്‍ കെട്ടിടത്തിന്റെ താഴെ നിലയിലേക്ക് ഓട്ടം തുടങ്ങിയിരുന്നു. ഞാനും താഴേക്കിറങ്ങി.
താഴെ, ഒരു പുസ്തകത്തിന്റെ ഇളകിതെറിച്ച ചുകപ്പു കവര്‍ പോലെ ചോരയില്‍ വീണുകിടക്കുന്ന കേശവേട്ടനെ ഞാന്‍ കണ്ടു. കേശവേട്ടന്റെ തലയില്‍നിന്നും മൂക്കില്‍ നിന്നും അറുത്ത കോഴിയില്‍ നിന്നെന്നപോലെ അപ്പോഴും ചോര തെറിക്കുന്നുണ്ടായിരുന്നു. ഞാന്‍ വളരെ വേഗത്തില്‍ താഴെ എത്തിയപ്പോഴേക്കും ആള്‍ക്കാരൊക്കെയും കേശവേട്ടനെയും മറികടന്ന് ഹാരിപോട്ടര്‍ ബോക്സുമായി പൊട്ടിച്ചിരിയോടെ മുകളി ലെത്തികഴിഞ്ഞിരുന്നു. ബുക്ക്ഷോപ്പില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത് അവര്‍ ഒന്നായി പാടുന്ന ഹാരിപോട്ടര്‍ ഗാനമായിരിക്കണം. ചവിട്ടി മെതിച്ച കടലാസുപോലെ, തീരെ ചുരുങ്ങിയ കേശവേട്ടന്റെ ശരീരവുമായി ഞാനെന്റെ ബൂത്തിലെത്തിയപ്പോഴേക്കും ഗ്രൗണ്ട്ഫ്ളോര്‍ നിറയെ ആയിരക്കണക്കിന് ഹാരിപോട്ടര്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരുടെ
ദുര്മന്ത്രവാദികളാലും നിറഞ്ഞിരുന്നു.
ബോധമില്ലാത്ത, ചോര ഛര്‍ദ്ദിക്കുന്ന കേശവേട്ടനെയും, ചുമന്ന് ഞാന്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങിയ നൂറുകണക്കിന് കാറുകളുടെ മുന്നില്‍ കരച്ചിലോടെ കൈകള്‍ നീട്ടിയെങ്കിലും അവരൊക്കെയും വളരെ ദയനീയതയോടെ എന്നോട് പറഞ്ഞു.
ദുര്മന്ത്രവാദികളാലും നിറഞ്ഞിരുന്നു.
ബോധമില്ലാത്ത, ചോര ഛര്‍ദ്ദിക്കുന്ന കേശവേട്ടനെയും, ചുമന്ന് ഞാന്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങിയ നൂറുകണക്കിന് കാറുകളുടെ മുന്നില്‍ കരച്ചിലോടെ കൈകള്‍ നീട്ടിയെങ്കിലും അവരൊക്കെയും വളരെ ദയനീയതയോടെ എന്നോട് പറഞ്ഞു.
“ഒട്ടും നേരമില്ല. ഹാരിപോട്ടര്‍ വായിക്കാതെ ഇന്നിനി..''
കാറുകളൊക്കെയും ആംബുലന്സുകളെക്കാളും വേഗത്തില്‍ കുതിച്ചു തുടങ്ങി.
നമുക്ക് വേണ്ടിയല്ലാതെ ആര്‍ക്കോ വേണ്ടി ജീവിക്കുന്നവരായി നമ്മള് മാറി കൊണ്ടിരിക്കുന്നു .
ReplyDelete