Saturday, September 25, 2010

എഴുത്തുകാരുടെ കപ്പല്‍യാത്ര (വായനക്കാര്‍ സംഘടിപ്പിക്കുന്നത്)

“നീ തയ്യാറാക്കുന്ന ഫീച്ചറിന്റെ കേന്ദ്രബിന്ദുവാകേണ്ടത് ആ നഗരമാണ്. അവിടത്തെ വായനയും വായനക്കാരെയും പരിഗണിച്ചില്ലെ ങ്കില്‍ അത് വെറുമൊരു തമാശ മാത്രമാകും. ലൈബ്രറി മെമ്പര്‍ഷിപ്പുള്ള ചുമട്ടുകാര്‍, പത്രാധിപര്‍ക്ക് നിരന്തരമായി കത്തെഴുതുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, പണം കൊടുത്ത് പുസ്തകം മേടിക്കുന്ന കൂലി പണിക്കാര്‍..' എഡിറ്റര്‍ ഓര്‍മ്മിപ്പിച്ചു.
പുലര്‍ച്ചെ മഴയുണ്ടായിരുന്നു. ഈര്‍പ്പമുള്ള കാറ്റില്‍ മഴയുടെ തുള്ളികള്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് തെറിച്ചുവീണു. എഡിറ്റര്‍ ഏല്‍പിച്ച ആദ്യത്തെ അസൈന്‍മെന്റ് ആകയാല്‍ ഫീച്ചറിന്റെ ഘടനയെയും വാക്കുകളെയും ഓര്‍ത്ത് മനസ്സ് വല്ലാതെ അസ്വസ്ഥമായി. എന്നാല്‍ പുറത്തേക്ക് നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു. എങ്ങും വായനശാലകളും ലൈബ്രറികളും.
തീവണ്ടി ഇപ്പോള്‍ ഒരു പുഴകടന്നതും വേഗം തീരെ കുറച്ച് അങ്ങും ഇങ്ങും നോക്കി നടക്കുന്ന കുഞ്ഞിനെപോലെയായി.
തൊട്ടുമുന്നിലിരിക്കുന്ന പെണ്‍കുട്ടി അവളുടെ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തിയിട്ടില്ല.
ഞാന്‍ പുസ്തകത്തിന്റെ ചട്ടയിലേക്ക് നോക്കി. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഖനനത്തിലോ മറ്റോ കണ്ടെടുക്കപ്പെട്ട ഒരു ചരിത്രവസ്തുവിന്റെതുപോലെ, അതിന്റെ പുറംപാളികള്‍ അടര്‍ന്നു തുടങ്ങിയിരിക്കുന്നു. അതിന്റെ നിറം മങ്ങിയ തലക്കെട്ട് ഇനി ഒരു ചരിത്രകാരന് മാത്രമേ കണ്ടെ ടുക്കാന്‍ കഴിയൂ, ഞാന്‍ തീര്‍ച്ചപ്പെടുത്തി.
എങ്കിലും അതിലെ തിങ്ങിനിറഞ്ഞ ഒരു പേജിലൂടെ കണ്ണോടിച്ചപ്പോള്‍ ഞാനറിഞ്ഞു.”സുന്ദരികളും സുന്ദരന്മാരും''
എങ്ങനെയെങ്കിലും പരിചയപ്പെടാനുള്ള തീവ്രമായ ആഗ്രഹത്താല്‍ ഞാന്‍ അവളോട് ചോദിച്ചു. “ഇതു വളരെ പഴയ നോവലല്ലേ.''
“അതേയതെ.. ഞാനിത് അഞ്ചാംതവണയാണ് വായിക്കുന്നത്. വായിക്കാനുള്ള ആഗ്രഹം തോന്നുമ്പോള്‍ ഇതുപോലെയുള്ള ചില പഴയ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ചെന്നെടുക്കും.''
"പുതിയതൊന്നും..?''
"എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. രണ്ടോ മൂന്നോ എഴുത്തുകാരുടേത് മാത്രമാണ് വായിച്ച് മുഴുമിപ്പിക്കാറുള്ളത്. അവരാകട്ടെ വല്ലപ്പോഴും മാത്രമേ എഴുതാറുള്ളു.''
"അവര്‍ ആരൊക്കെയാണ്.?'' ഒരു സ്വകാര്യത്തിനെന്നപോലെ ഞാന്‍ അവളുടെ അരികിലേക്ക് നീങ്ങി.
“സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രന്‍, കെ.ആര്‍ മീര, എസ് ഹരീഷ്''
“കഥകള്‍''
അതെ കഥകള്‍ മാത്രം.
വായിച്ചുകൊണ്ടിരിക്കുന്ന കഥയിലേക്ക് അപ്രതീക്ഷിതമായി ഒരു കഥാ പാത്രം കയറിയ വെപ്രാളത്തോടെ അവള്‍, വായനയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
എന്നെ ഏറെനേരം തുറിച്ചുനോക്കി, അവള്‍ ചോദിച്ചു
“നിങ്ങളാരാണ്.?''
“ഞാന്‍ ആരുമല്ല. ഇപ്പോള്‍ ഇവിടെ ഒരു മാഗസിനുവേണ്ടി തയ്യാറാക്കുന്ന ഫീച്ചറുമായി ബന്ധപ്പെട്ട് വന്നതാണ്. അതാകട്ടെ പുസ്തകങ്ങളെയും വായനയെയും പറ്റിയാണെന്ന് മാത്രം. ഈ നഗരത്തില്‍ എനിക്ക് പരിചയക്കാരായി ആരുമില്ല. ഇപ്പോള്‍ നീയല്ലാതെ. ബുദ്ധിമുട്ടി ല്ലെങ്കില്‍ നിന്റെ നമ്പര്‍ തരണം.'' ഞാന്‍ അവളോട് പറഞ്ഞു.
അവളെനിക്ക് സെല്‍ നമ്പര്‍ തന്നു.
ഞാന്‍ അനുപമ എന്ന് ടൈപ്പ് ചെയ്തു. അവളുടെ നമ്പര്‍ മൊബൈലില്‍ സേവ് ചെയ്തു.
“നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചില വലിയ പരിപാടികള്‍ അടുത്തു തന്നെ ഈ നഗരത്തില്‍ നടക്കുന്നുണ്ട്.'' ഇറങ്ങുന്നതിന് മുമ്പേ അവളെന്നോട് പറഞ്ഞു.
തിരക്കുകളിലൂടെ ഇരുമ്പുതൂണുകളെയും മഴവെള്ളം നനഞ്ഞ പായല്‍ ചുമരുകളെയും പിന്നിലേക്ക് നീക്കി ഒരു കൂട്ടം കുട്ടികളുടെ
ഇടയിലൂടെ അവള്‍ പോകുന്നത് ഞാന്‍ ആനന്ദത്തോടെ നോക്കി. സുന്ദരി കളും സുന്ദരന്മാരും ഞാന്‍ മനസ്സില്‍ പറഞ്ഞു.
തീവണ്ടി സ്റ്റേഷന്‍ വിട്ടതും സെക്കന്റുകള്‍ക്കകം ഒരു നൃത്തവേദിയുടെ തിളക്കത്തോടെ കടല്‍ തെളിഞ്ഞു. മിനുട്ടുകളോളം തീവണ്ടി കടല്‍ത്തീരത്തിലൂടെ നീങ്ങി. ദൂരെ കാണപ്പെടുന്ന തുറമുഖം ഒരു രേഖാചിത്രം പോലെ മങ്ങിത്തുടങ്ങിയിരുന്നു.
കടുത്ത യുദ്ധവിജയത്തിനുശേഷം സ്വന്തം രാജ്യത്തിലെത്തിയ രാജാവിനെപോലെ തീവണ്ടി സര്‍വ്വ അഹങ്കാരത്തോടെയും തലയെടു പ്പോടെയും സ്റ്റേഷനില്‍ നിന്നു. അപ്പോഴേക്കും ജേതാവിന് ചുറ്റിലുമെന്ന പോലെ പൊതിഞ്ഞ ആള്‍ക്കുട്ടത്തിനിടിയിലൂടെ ഞാന്‍ തിക്കിയും തിരക്കിയും പുറത്തേക്കിറങ്ങി.
ഈ നഗരത്തില്‍ മാത്രം പത്തുമുപ്പതോളം ഗ്രന്ഥാലയങ്ങളുണ്ടെന്നും ലോകത്തിലെ തന്നെ ആദ്യത്തെ വായനക്കാരുടെ സംഘടനയും ഈ നഗരത്തിലാണെന്നും ഓവര്‍ബ്രിഡ്ജ് കയറുമ്പോള്‍ അനുപമ എന്നെ വിളിച്ചറിയിച്ചു.
പിന്നീടുള്ള രണ്ട്മൂന്ന് ദിനം എന്നെ അനങ്ങാന്‍പറ്റാത്തവിധം ആവേശപ്പെടുത്തിയത് അതുമാത്രമായിരുന്നു. വായനക്കാരുടെ സംഘടന.
ഞാന്‍ വൈകുന്നേരങ്ങളില്‍ ചില ലൈബ്രറികളിലേക്ക് നടന്നു. വൈകുന്നേരത്തോടെ തുറക്കുന്ന ലൈബ്രറികള്‍ ഒച്ചയോടെയും ബഹളത്തോടെയും പാതിരാത്രിവരെയും പ്രവര്‍ത്തിച്ചിരുന്നു. പത്രങ്ങളിലെയും ആഴ്ചപ്പതിപ്പുകളിലെയും ലേഖനങ്ങളുടെ വിസ്തരിച്ച ചര്‍ച്ചകള്‍ എന്നെയും ലഹരിപിടിപ്പിച്ചുതുടങ്ങി. എല്ലാ ചര്‍ച്ചകളുടെയും അവസാന തീര്‍പ്പ് ലൈബ്രേറിയന്റേതായിരുന്നു. ഇതിനിടയിലും വളരെ ആവേശത്തോടെ പുസ്തകവുമായി വരുന്നവരെയും പോകുന്നവരെയും ഞാന്‍ ആദരിച്ചു. എല്ലാറ്റിനെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് ലൈബ്രറികളുടെ മുന്നിലുണ്ടായിരുന്ന ആ ബോര്‍ഡായിരുന്നു.
“എഴുത്തുകാരുടെ കപ്പല്‍യാത്ര.'' വായനക്കാര്‍ സംഘടിപ്പിക്കുന്നത്. സഹകരിക്കുക വിജയിപ്പിക്കുക.''
ഞാന്‍ അനുപമയെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു.
“അന്നേ ഞാന്‍ പറഞ്ഞില്ലേ വായനക്കാരുടെ നേതൃത്വത്തില്‍ ചില വലിയ പരിപാടികള്‍ ഉണ്ടെന്ന്.. അതാണിത്''
“ഈ നഗരത്തിന്റെ മുരുത്ത പുറന്തോട് ഇളക്കി ഉള്ളിലേക്ക് ചെല്ലു ന്തോറും ഇളനീരുപോലെയുള്ള മൃദുലതയിലാണല്ലോ ചെന്നെത്തുന്നത്.'' ഞാന്‍ അവളോട് സംശയിച്ചു.
“അതെയതെ. പക്ഷേ, പിന്നെയും ഉള്ളിലേക്ക് ചെന്നാല്‍ ആദ്യത്തെ മുരുമുരുപ്പില്‍ ചെന്നെത്തും അത്രമാത്രം. പിന്നെ, ഈ പ്രോഗ്രാമിനെ സംബന്ധിച്ച് കൂടുതല്‍ വിവരണങ്ങള്‍ പ്രസിഡന്റില്‍ നിന്ന് ലഭിക്കും. പീപ്പിള്‍സ് വായനശാലയുടെ ലൈബ്രേറിയനായ ശശിയേട്ടനാണ് പ്രസിഡന്റ്.''
“നിനക്കും ഇതിലെന്തെങ്കിലും പങ്കാളിത്തമുണ്ടോ.?''
“ഒരു വായനക്കാരിയെന്ന നിലയില്‍ മാത്രം ഞാനെന്റെ ചില കടമകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.''
“എപ്പോഴാണ് കപ്പല്‍യാത്ര''
"വായനാദിനത്തിന്റെയന്ന് വൈകുന്നേരം പഴയതുറമുഖത്ത് വെച്ച്'
വായനാദിനത്തിന് ഇനി വെറും നാലുദിവസം. ഇപ്പോള്‍തന്നെ ശശി യേട്ടനെ കാണണം. ഞാന്‍ തീര്‍ച്ചപ്പെടുത്തി.
എഴുത്തുകാരുടെ കപ്പല്‍ യാത്രയെകുറിച്ച് മാത്രമാണ് ഈ നഗരത്തിലുള്ളവര്‍ സംസാരിക്കുന്നത്. എഴുത്തുകാര്‍ക്കായി അത്തരത്തിലുള്ള ഒരു യാത്ര സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഈ നഗരത്തിലെ ഏതൊരാളും വല്ലാതെ അഭിമാനിക്കുന്നുണ്ടെന്ന് അവരുടെ സ്വകാര്യ സംസാരങ്ങളില്‍ നിന്നും ഞാനറിഞ്ഞു.
ലൈബ്രറിയില്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ സംഘടനയുടെ മീറ്റിംഗിലാണെന്നും കഴിയുന്നതുവരെയും ഇവിടെ ഇരിക്കണമെന്നും ലൈബ്രറിയിലുണ്ടായിരുന്നയാള്‍ എന്നോട് പറഞ്ഞു. മീറ്റിംഗ് എഴുത്തുകാരുടെ കപ്പല്‍ യാത്രയെ സംബന്ധിച്ചാണ്. കാര്യം നാളെ മറ്റന്നാളായില്ലേ. അയാള്‍ ചിരിച്ചു.
മീറ്റിംഗ് ഹാളിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ചിരുന്നെങ്കിലും പുറത്തുള്ള ചെരുപ്പുകള്‍ ഉള്ളിലെ ആള്‍ക്കാരുടെ എണ്ണം പറയുന്നുണ്ടായിരുന്നു.
മീറ്റിംഗ് കഴിയാന്‍ ഇനിയും സമയമെടുക്കും. ഞാന്‍ ലൈബ്രറിക്കുള്ളിലൂടെ നടന്നു. നോവല്‍, കഥ, കവിത, ആത്മകഥ, പഠനം...എല്ലാം കൃത്യമായി തരംതിരിച്ചിരിക്കുന്നു. ഇതുവരെയും കണ്ടതില്‍ വെച്ച് മനോഹരമായ ഗ്രന്ഥശാല ഇതാണ്. ഞാന്‍ ഉറപ്പിച്ചു.
വന്നകാര്യം പറഞ്ഞപ്പോള്‍ ശശിയേട്ടന്‍ എന്റെ കൈ പിടിച്ച് ലൈബ്രേറിയന്റെ മുറിയിലേക്ക് നടന്നു.
“അതെ, ലോകചരിത്രത്തിലെ ഒരു മഹാസംഭവമാണിത്. ഞാന്‍ സമ്മതിക്കുന്നു. വായനക്കാരുടെ ഭാഗത്തുനിന്നുള്ള ശക്തവും
 ക്രിയാത്മകവുമായ ഒരിടപെടല്‍.'' ശശിയേട്ടന്‍ എന്നോട് പറഞ്ഞു.
“സത്യത്തില്‍ ഇതൊരു വായനക്കാരുടെ ഇടപെടല്‍ തന്നെയാണോ.? അതോ മറ്റുവല്ല സംഘടനകളും വായനക്കാരെ മുന്നില്‍ നിര്‍ത്തി.?''
"ഒരിക്കലുമല്ല, വായനക്കാരുടെ സംഘടന നിലവില്‍ വന്നിട്ട് രണ്ടു വര്‍ഷം ആകാറായി. ആദ്യമീറ്റിംഗില്‍ ഭൂരിഭാഗം വായനക്കാരില്‍ നിന്നുണ്ടായ ഒരഭിപ്രായം കേരളത്തിലെ തെരഞ്ഞെടുത്ത എഴുത്തുകാര്‍ക്കായി ഒരു ചെറുകപ്പല്‍യാത്രയെങ്കിലും സംഘടിപ്പിക്കുക എന്നതായിരുന്നു. പിന്നീടുള്ള പല മീറ്റിംഗിലും ഞങ്ങളീവിഷയം പലപ്പോഴായി ചര്‍ച്ചക്ക് വെച്ചു. ഇതിനിടിയിലേക്ക് പല പ്രതിസന്ധികളും കടന്നുവന്നു. യാത്രാച്ചെലവ്, എഴുത്തുകാരെ തെരഞ്ഞെടുക്കല്‍, കേരളത്തിലെ എഴുത്തുകാരെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുപ്പമുള്ള കപ്പല്‍. ഞങ്ങളീ വിഷയം മുഴുവന്‍ കേരളീയരുടെയും ശ്രദ്ധയില്‍ കൊണ്ടു വരാനായി എല്ലാ പത്രമാധ്യമങ്ങളിലും പരസ്യം നല്‍കി. ജനങ്ങളുടെ പ്രതികരണം ഞങ്ങളെ അമ്പരിപ്പിച്ചു. സത്യത്തില്‍ ചില വായന ക്കാരേക്കാളും താല്പര്യം കാണിച്ചത് വായനക്കാരുടെ കുടുംബാം ഗങ്ങളാണ്. അവരില്‍ ചിലര്‍ യാത്രയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന എഴുത്തു കാരുടെ ലിസ്റ്റും ഞങ്ങള്‍ക്ക് അയച്ചുതന്നു. ഒരു വായനക്കാരന്റെ ഭാര്യയുടെ കത്ത് ഞാനെടുത്തുതരാം. ഇതാ നിങ്ങള്‍തന്നെ വായിച്ചോളു.''
ശശിയേട്ടന്‍ ചുമരിനരികിലെ വലിയൊരു കാര്‍ഡ്‌ബോര്‍ഡ് വീപ്പയിലെ പതിനായിരക്കണക്കിന് കത്തുകളിലൊന്ന് എനിക്ക് നീട്ടി
കത്തിങ്ങനെയായിരുന്നു.
“നിങ്ങളുടെ നല്ല ഉദ്ദേശ്യത്തിന് ആദ്യമേ നന്ദിപറയട്ടെ. ഏറെക്കാലമായി സ്വപ്നംകണ്ട ഒരു സംഗതി യാഥാര്‍ത്ഥ്യമാവുന്നതിലുള്ള സന്തോഷത്തിലാണ് ഞാനിപ്പോള്‍. അതെ അതുതന്നെ. എഴുത്തുകാരുടെ കപ്പല്‍യാത്ര.. എന്റെ ഭര്‍ത്താവ് ഇതുവരെ മേടിച്ച പുസ്തകങ്ങളുടെ വിലയെയും ഇനി മേടിച്ചേക്കാവുന്ന പുസ്തകങ്ങളുടെ വില യെയും തട്ടിച്ച് നോക്കുമ്പോള്‍ ഞാനയക്കുന്ന ഈ അയ്യായിരം രൂപ ഒന്നുമല്ല. എങ്കിലും ഇതെന്റെയും മക്കളുടെയും സന്തോഷത്തിനാണ്. നിങ്ങള്‍ എന്തൊക്കെ ത്യാഗം സഹിച്ചായിട്ടായാലും എഴുത്തുകാരുടെ ഈ കപ്പല്‍ യാത്രനടത്തണം.
എന്ന്
സുലേഖ (ഒപ്പ്)
എന്റെ മുഖത്തെ അമ്പരപ്പ് വായിച്ചിട്ടായിരിക്കണം ശശിയേട്ടന്‍ പറഞ്ഞു.”ഇങ്ങനെ വായനക്കാരുടെ നൂറുകണക്കിന് കത്തുകളുണ്ടിതില്‍.''
അതിനെക്കാള്‍ അമ്പരിപ്പിക്കുന്നതായിരുന്നു യാത്രയില്‍ ഉള്‍പ്പെടുത്താനായുള്ള എഴുത്തുകാരുടെ പ്രതികരണങ്ങള്‍.
പിന്നീടുള്ള ദിനങ്ങളില്‍ എഴുത്തുകാരുടെ കത്തുകളും സൃഷ്ടികളും കൊണ്ടുമാത്രം ഈ ലൈബ്രറി നിറഞ്ഞു. സത്യത്തില്‍ അവ മാത്രം നാലഞ്ച് ടൈറ്റാനിക് നിറക്കാനുണ്ടായിരുന്നു.
“ഇതുകൊണ്ടൊക്കെ വായനക്കാര്‍ക്ക് എന്ത് നേട്ടമാണുള്ളത്.?''
ഒരു അഭിമുഖക്കാരന്റെ കുടിലതയോടെ ഞാന്‍ ചോദിച്ചു.
“ഓരോ വായനക്കാരനും എഴുത്തുകാരോട് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. യാത്രകള്‍ എല്ലാവരെയും പ്രചോദിപ്പിക്കും. എഴുത്തുകാരെ വളരെ കൂടുതലും ഈ യാത്രകള്‍ കഴിയുന്നതോടെ വായനക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളും നേരെയാവും. ഇവരില്‍ ചിലരെങ്കിലും തിരിച്ചെത്തി യാലുടനെ തങ്ങളുടെ തീവ്രമായ യാത്രാനുഭവങ്ങളെ നോവലായും ആത്മകഥകളിലെ ഏറ്റവും മികച്ച അധ്യായങ്ങളായും കേരളത്തിലെ വായനക്കാര്‍ക്കുതന്നെ തിരിച്ചുനല്‍കും. അതൊക്കെയും ഓരോ വായനക്കാരന്റെയും പുസ്തകകൂട്ടത്തിലെ അമൂല്യനിധിയാകും തീര്‍ച്ച.''
ശശിയേട്ടന്‍ ഉറപ്പിച്ചു.
“ഇതില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരുണ്ടോ.?''
മലയാളത്തില്‍ ഇന്നു കാണപ്പെടുന്ന ഒരു വിധപ്പെട്ട എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്. ആധുനികരും, ഉത്തരാധുനികരും, പാരമ്പര്യവാദികളും ഉള്‍പ്പെട്ട ഒരു വലിയ നിര ഈ കപ്പല്‍ യാത്രയില്‍ വളരെ സജീവമാണ്. പിന്നെ വായനക്കാര്‍ ആവശ്യപ്പെട്ട ഒരാ ളെയും ഞങ്ങളീ യാത്രയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല കാരണം, അങ്ങനെ ഒരാളെങ്കിലും പുറത്തായാല്‍ വായനക്കാര്‍ സംഘടിപ്പിക്കുന്ന ഈ യാത്രയുടെ ലക്ഷ്യം തന്നെ തകര്‍ന്നുപോകും. അതുകൊണ്ടുതന്നെ ഞങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ സുതാര്യമാണ്.''
“ഈ യാത്ര ഏത് വഴിക്കാണ് പോകുന്നത്.?''
ഞാന്‍ ചോദിച്ചു
“കപ്പല്‍ കടലിലൂടെ തന്നെ പോകും. അവസാനത്തെ വായനക്കാരന്റെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നതുവരെയും.''
ശശിയേട്ടന്‍ ഉറപ്പിച്ചു.
ലൈബ്രറിയില്‍ നിന്നിറങ്ങവേ, എഴുതാന്‍ പോകുന്ന ഫീച്ചറില്‍ എഴുത്തുകാരുടെ കപ്പല്‍യാത്ര എന്ന ചരിത്രസംഭവത്തെ അതിന്റെ ആവേശം ഒട്ടും ചോരാതെ എങ്ങനെ അവതരിപ്പിക്കാം എന്നുള്ളതിനെപ്പറ്റി കൂടുതല്‍ സംഘര്‍ഷത്തിലായി ഞാന്‍.
ഉടന്‍ തന്നെ അനുപമയെ വിളിച്ചു. ശശിയേട്ടനെ കണ്ടുവെന്നും മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞുവെന്നും പറഞ്ഞു. പിന്നെ ഈയൊരു സന്ദര്‍ഭത്തില്‍ അവളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഹൃദയംഗമമായ നന്ദിയും.
“എല്ലാം ദൈവനിയോഗമായിരിക്കണം. ആല്‍ക്കെമിസ്റ്റില്‍ സംഭവിച്ചതു പോലെ.''
അവള്‍ പറഞ്ഞു.
“കപ്പല്‍ യാത്രയുടെയന്ന് നിന്നെ കാണണം.''
“തീര്‍ച്ചയായും. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരെ നമുക്കൊന്നിച്ച് യാത്രയാക്കാം.'' അവള്‍ സമ്മതിച്ചു.
ഞാന്‍ ഇതിനിടയില്‍ കപ്പല്‍യാത്രയെ സംബന്ധിച്ച വിവരങ്ങള്‍ എഡിറ്ററെ വിളിച്ചറിയിച്ചു. അദ്ദേഹം വളരെയധികം സന്തോഷത്തിലാവുകയും എന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഞാന്‍ വൈകുന്നേരത്തോടെ തുറമുഖത്തെത്തി. ഒരു ചരിത്രമുഹൂര്‍ത്തം നേരില്‍ കാണുന്നത്രയും ആവേശത്തോടെ ആയിരക്കണക്കിനാളുകള്‍ കടപ്പുറത്ത് തിങ്ങിനിറഞ്ഞിരുന്നു. കടലില്‍ പാതിയെയും ഉടലിനുള്ളിലാക്കി കപ്പല്‍ കിടക്കുന്നുണ്ടായിരുന്നു. കപ്പലിനെ തൊട്ടും മണപ്പിച്ചും കൂടിയിരിക്കുന്ന നൂറുകണക്കിനാളുകളെ ഇരുവശങ്ങളിലേക്കും അകറ്റി രണ്ട് മുന്ന് പോലീസ് ജീപ്പ് സഡന്‍ ബ്രേക്കിട്ടു.
“ബോംബ് സ്ക്വാഡായിരിക്കും കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും പങ്കെടുക്കുന്ന യാത്രയല്ലേ.''
എന്റെ സമീപത്തുണ്ടായിരുന്ന വൃദ്ധന്‍ ഒപ്പമുള്ളയാളോട് ഇങ്ങനെ പറഞ്ഞു.
“ദാ ഡാ, ഈ കടപ്പുറത്തിങ്ങനെ നിക്കുമ്പോള്‍ എനിക്കന്ന് ഉപ്പു കുറുക്കലില്‍ പങ്കെടുത്തതുപോലെ ഒരോര്‍മ്മ. അങ്ങനെയായിരുന്നല്ലോ നമ്മളന്ന് വെള്ളക്കാരനെ പായിച്ചത്. ഇതിപ്പം അങ്ങനെയൊന്നുമല്ലെങ്കിലും.''
“ഇതും ഒരുതരം വെളളക്കാര്‍ തന്നെ. എനിക്കതല്ലാ ഈ എഴുത്തുകാര് വരുന്നതുവരെയുള്ള പത്തിരുപത് ദിവസം ഈ നാട് ഒരു മാതിരി മദ്യം നിരോധിച്ച ബാറ് പോലിരിക്കും. ഒച്ചയും ആളനക്കവുമില്ലാതെ പരമ ബോറായി.'' വര്‍ത്തമാനം കേട്ടിരുന്ന മുന്നാമതൊരാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
പോലീസ് വലയത്തിനുള്ളിലേക്ക് വിവിധ ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ വാഹനങ്ങള്‍ തുടര്‍ച്ചയായി വന്നു
നിറയുന്നുണ്ടായിരുന്നു. എല്ലാറ്റിനും വര്‍ണ്ണസ്റ്റിക്കറും ബാനറുകളും. അവയില്‍ ചിലത് ഞാന്‍ വായിച്ചു.
ഉത്തരാധുനികതയുടെ ചിറകിലേറി എല്ലാത്തരം വായനക്കാരുടെയും എക്കാലത്തെയും പ്രിയപ്പെട്ടവര്‍- കോട്ടയം റൈറ്റേഴ്‌സ്
ഉപരിവര്‍ഗ്ഗവായനക്കാരുടെ സുഖവും സംതൃപ്തിയും-ഇ-റൈറ്റേഴ്‌സ് എറണാകുളം.
എന്തും എഴുതും എങ്ങനെയും -എഴുത്തിലെ കോഴിക്കോടന്‍ പെരുമ
പെണ്ണുങ്ങളുടെ വികാരങ്ങള്‍, വിചാരങ്ങള്‍ വായനക്കാര്‍ക്കായി തുറന്നുവെച്ചുകൊണ്ട്- ഓള്‍ കേരളഫെമിനിസ്റ്റ് റൈറ്റേഴ്‌സ്
നിഗൂഢതകള്‍ നിറഞ്ഞ ഒരു നഗരത്തെരുവിലെത്തപ്പെട്ട അന്ധാളിപ്പിലായി ഞാന്‍ ഏറെനേരം.
ഈ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അനുപമയെ എങ്ങനെ കണ്ടെത്താനാണ്. ഞാന്‍ ആശങ്കയോടെ മൊബൈല്‍ ചെയ്തു.
ഉടന്‍തന്നെ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തതായുള്ള സന്ദേശം തിരികെ വന്നു.
അടുത്ത നിമിഷം കരയില്‍ കൂടിയ, ആയിരക്കണക്കിനാളുകളെ നിശബ്ദരാക്കി പ്രസിഡണ്ട് ശശിയേട്ടന്റെ ശബ്ദം കപ്പല്‍ത്തട്ടില്‍ നിന്നുമുയര്‍ന്നു.
എഴുത്തുകാരുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞയുടനെ കേരളത്തിലെ വായനക്കാരുടെ ചിരകാലാഭിലാഷമായ എഴുത്തുകാരുടെ കപ്പല്‍ യാത്ര ആരംഭിക്കുന്നതാണ്. എഴുത്തുകാരൊക്കെയും ക്യൂവില്‍ നിന്നു സഹകരിക്കുക.
കൂടഴിച്ച കോഴികളെ പോലെ എഴുത്തൂകാര്‍ കപ്പലില്‍ കയറാന്‍ വല്ലാതെ തിക്കും തിരക്കും കൂട്ടുന്നത് ഞാന്‍ കണ്ടു.
ഇപ്പോള്‍ കപ്പലിനകം ഒരു വലിയ റഫറന്‍സ് ലൈബ്രററി പോലി രിക്കും. ചെറുകഥ, നോവല്‍, കവിത, ആത്മകഥ, ഭൂമിയിലെ അപൂര്‍വ്വമായ എഴുത്തുകാരെ മാത്രം അടുക്കിവെച്ച സഞ്ചരിക്കുന്ന ലൈബ്രററി.
കപ്പലിനുള്ളില്‍ കയറപ്പെട്ട എഴുത്തുകാര്‍, അജ്ഞാതമായ ദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട അഭയാര്‍ത്ഥികളെ പോലെ വല്ലാത്ത മൗനത്തോടെയും കടുത്ത ഉത്കണ്ഠയോടെയും മുഖം കുനിച്ചിരുന്നു.
കപ്പല്‍ സൈറണ്‍ മുഴങ്ങുന്നു
വായനക്കാരൊക്കെയും ഒഴിഞ്ഞുപോയിട്ടും എഴുത്തുകാര്‍ കരയിലേക്ക് നോക്കി കൈവീശുന്നുണ്ടായിരുന്നു.
ഒരു കടല്‍ക്കാറ്റുപോലെ, കാരണമില്ലാതെ കടന്നുവന്ന ദുഃഖത്തോടെ ഞാന്‍ തിരിഞ്ഞുനടക്കവേ യാത്രാസംഘത്തിന് അഭിവാദ്യമര്‍പ്പിച്ച് മടങ്ങുകയായിരുന്ന ഒരു വൃദ്ധവായനക്കാരന്‍ അന്നിറങ്ങിയ ഒരു പുസ്തകവും ഉയര്‍ത്തിപ്പിടിച്ച് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു.
“ഒരുപക്ഷേ ഈ യാത്രയും നിഷ്പ്രയോജനകരമായിരിക്കും. രണ്ടെഴുത്തുകാര്‍ ഒന്നിച്ചിരുന്നാല്‍ തന്നെയും ദുഷിപ്പിന്റെ വലിയ ഭാണ്ഡക്കെട്ടാണഴിക്കുക. പിന്നെ, ഈ യാത്രയയപ്പിന് പിന്നില്‍ ശരിക്കും ദുഷ്ടമായ ഒരാലോചനയുണ്ട് ഞങ്ങളുടെ ഭാഗത്തുനിന്നും. എഴുത്തുകാരുടെ കപ്പല്‍ തിരിച്ച് ഒരു കാരണവശാലും ഈ തീരത്തിലേക്ക് വരാതിരിക്കുക. ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത ഒരു കറുത്ത തീരത്തിലേക്ക് കപ്പലടുപ്പിക്കാനും അവിടെ എഴുത്തുകാരെ കൂട്ടത്തോടെ ഇറക്കി വിടാനും കപ്പിത്താനോട് വായനക്കാര്‍ രഹസ്യധാരണയിലെത്തിയിട്ടുണ്ട്. നമ്മുടെഎഴു ത്തുകാര്‍ ആദിമ മനുഷ്യരെപോലെ ജീവിതം ആരംഭം മുതലേ പഠിച്ചു തുടങ്ങട്ടെ. ഹാ ഹാ''
അയാള്‍ പുസ്തകം വായുവിലേക്ക് ഉയര്‍ത്തിയെറിഞ്ഞ് വീണ്ടും വീണ്ടും ഉച്ചത്തില്‍ ചിരിച്ചു
ഞാന്‍ ഭയത്തോടെ കടലിലേക്ക് നോക്കി. കപ്പല്‍ കരയില്‍ നിന്നും ഏറെ അകലെ പുറംകടലില്‍ എത്തിക്കഴിഞ്ഞിരുന്നു.

7 comments:

  1. congraats for ur kadhayamama Award..
    and its a nice story tooo

    ReplyDelete
  2. ഇത് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നിരുന്നെന്നും അപ്പോള്‍ വായിച്ചിരുന്നെന്നുമാണ് ഓര്‍മ്മ. വായിച്ചപ്പോഴെ മനസില്‍ കയറിക്കൂടിയ കഥയാണ്. നല്ല കഥ. റിയാദിലെ ചെരാത് സാഹിത്യ വേദി ഈ കഥയില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കണമെന്ന് ആലോചിച്ചിരുന്നു. എന്തായോ ആവോ?

    ReplyDelete
  3. ബ്ലോഗില്‍ ഞാന്‍ വായിച്ചാ ഇഷ്ടപെട്ട ഒരു കഥ ഇതാണെന്ന് നിസംശയം പറയാം



    സ്നേഹാശംസകള്‍

    ReplyDelete
  4. വോവ്..! ഐറ്റംസ്..!! ഇപ്പഴാണിതു വായിക്കാനായത്.
    ലിങ്ക് തന്നെ വള്ളികുന്നിന് നന്ദി.

    ReplyDelete
  5. വ്യത്യസ്തമായ നല്ല കഥ.

    ReplyDelete
  6. നല്ല കഥ. ഇനിയും ഒരുപാട് എഴുതണം.

    ReplyDelete